‘മോദി സർക്കാർ ബ്രിട്ടീഷുകാരേക്കാൾ അപകടകാരികൾ’; രാഹുലിനെ അയോഗ്യനാക്കിയതിൽ കെജ്‌രിവാൾ

0 581

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതികരിച്ച് ആംആദ്മി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഇന്ന് വൈകീട്ട് ഡൽഹി നിയമസഭയ്ക്ക് മുമ്പിൽ വെച്ച്‌ സംസാരിക്കവേയാണ് വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചത്.

‘നമ്മുടെ പിതാക്കൾ ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ പോരാടി. പക്ഷേ ഇന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ബ്രിട്ടീഷുകാരേക്കാൾ അപകടകാരികളാണ്. ഇത് കോൺഗ്രസിന്റെ മാത്രം പോരാട്ടമല്ല, രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്’ കെജ്‌രിവാൾ പറഞ്ഞു.

‘ലോക്‌സഭയിൽനിന്ന് രാഹുൽ ഗാന്ധിയെ പുറത്താക്കിയത് ഞെട്ടിക്കുന്നതാണ്. രാജ്യം കടന്നുപോകുന്നത് ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ്. അവർ രാജ്യത്തെ ഭീതിയിൽ നിർത്തിയിരിക്കുകയാണ്. അഹങ്കാരം നിറഞ്ഞ അധികാരത്തിനെതിരെ 130 കോടി ജനങ്ങൾ ഒന്നിച്ചുനിൽക്കണം’ കെജ്‌രിവാൾ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

രാജ്യത്ത് സംഭവിക്കുന്നത് അത്യധികം അപകടകരമായ കാര്യമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ‘പ്രതിപക്ഷത്തെ ഒഴിവാക്കി ഒരു രാജ്യം, ഒരു പാർട്ടിയെന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. ഇതിനെയാണ് സ്വേച്ഛാധിപത്യമെന്ന് പറയുക. രാജ്യത്തെ പൗരന്മാരോട് എനിക്ക് പറയാനുള്ളതിതാണ്: ഒന്നിച്ച് മുന്നേറണം, നമുക്ക് ജനാധിപത്യത്തെ സംരക്ഷിക്കണം, രാജ്യത്തെ രക്ഷിക്കണം’ അദ്ദേഹം വാർത്താസമ്മേളനം പങ്കുവെച്ചുള്ള ട്വീറ്റിനൊപ്പം എഴുതി.