കര്‍ഷകരുടെ നട്ടെല്ലൊടിക്കാന്‍ മോദി സര്‍ക്കാരിനെ അനുവദിക്കില്ല: രാഹുല്‍ ഗാന്ധി
കര്‍ഷകരുടെ നട്ടെല്ലൊടിക്കാന്‍ മോദി സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. പത്തോ പതിനഞ്ചോ കോടീശ്വരന്മാര്‍ക്ക് മാത്രമായി എല്ലാ ആനുകൂല്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുവെന്നും രാഹുല്‍ ആരോപിച്ചു. പഞ്ചാബില്‍ രണ്ടാം ദിവസവും തുടരുന്ന ട്രാക്ടര്‍ റാലിയിലാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഖേത് ബച്ചാവോ യാത്ര രാവിലെ പഞ്ചാബിലെ സംഗ്രുര്‍ ജില്ലയിലെത്തി. കൂറ്റന്‍ ട്രാക്ടര്‍ റാലിയില്‍ ആയിരകണക്കിന് കര്‍ഷകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണിചേര്‍ന്നു. താങ്ങുവിലയില്ലാതെ കര്‍ഷകന് നിലനില്‍പ്പില്ലെന്ന് ഭവാനിഗഡിലെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി പറഞ്ഞു. സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. കാര്‍ഷിക നിയമങ്ങളിലൂടെ കര്‍ഷകരെ മരണമുഖത്തേക്ക് തള്ളിവിടുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
നാളെയാണ് കര്‍ഷക റാലി ഹരിയാനയിലേക്ക് കടക്കുന്നത്. പെഹോവയിലും കുരുക്ഷേത്രയിലും പര്യടനം നടത്തും. എന്നാല്‍, ക്രമസമാധാന നില തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന നിലപാടാണ് ഹരിയാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ ഹരിയാനയില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനില്‍ വിജ് പ്രഖ്യാപിച്ചിരുന്നു.