മോഡി സ്‌തുതി: ജ. അരുണ്‍ മിശ്രയെ വിമര്‍ശിച്ച്‌ മുന്‍ ജഡ്‌ജിമാര്‍

0 163

 

 

ന്യൂഡല്‍ഹി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്‌ത്തിയ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ്‌ അരുണ്‍ മിശ്രയുടെ നടപടിയെ വിമര്‍ശിച്ച്‌ മുന്‍ ജഡ്‌ജിമാര്‍. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ സംശയമുളവാക്കുന്ന പ്രസ്‌താവനകളാണ്‌ അരുണ്‍ മിശ്രയുടെ ഭാഗത്തുനിന്നുണ്ടായതെന്ന്‌ ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ്‌ ജസ്റ്റിസ്‌ എ പി ഷാ ആരോപിച്ചു.

സുപ്രീംകോടതി സിറ്റിങ്‌ ജഡ്‌ജിയുടെ ഭാഗത്തുനിന്ന്‌ ഇത്തരം പ്രസ്‌താവനയുണ്ടാകുന്നത്‌ ഉചിതമല്ല. തികച്ചും അനാവശ്യമായ ഈ പ്രസ്‌താവനയിലൂടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യംതന്നെ സംശയത്തിന്റെ നിഴലിലായി. പ്രധാനമന്ത്രിയെ പുകഴ്‌ത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും ഷാ പറഞ്ഞു. ജുഡീഷ്യറിയെക്കുറിച്ച്‌ തെറ്റായ സന്ദേശം പ്രചരിപ്പിക്കാന്‍മാത്രമേ ഇത്തരം പരാമര്‍ശം സഹായിക്കൂവെന്ന്‌ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്‌ജി ആര്‍ എസ്‌ സോധി വിമര്‍ശിച്ചു. പല കേസിലും സര്‍ക്കാരാണ്‌ പ്രധാന വ്യവഹാരിയെന്ന വസ്‌തുത ന്യായാധിപര്‍ മറക്കാന്‍ പാടില്ലാത്ത കാര്യമാണ്‌. പ്രധാനമന്ത്രിയെ ചുമലില്‍ തട്ടി അഭിനന്ദിക്കുന്നതുപോലെയുള്ള പരാമര്‍ശങ്ങളാണ്‌ അരുണ്‍മിശ്രയില്‍നിന്ന്‌ ഉണ്ടായതെന്നും സോധി പറഞ്ഞു.
സിറ്റിങ്‌ ജഡ്‌ജി പ്രധാനമന്ത്രിയെ വേദിയില്‍ ഇരുത്തി പുകഴ്‌ത്തിയത്‌ ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്ന്‌ സുപ്രീംകോടതി മുന്‍ ജഡ്‌ജി പി ബി സാവന്ത്‌
പരിഹസിച്ചു.