ആന കൊമ്പ് കൈവശo വച്ചതിന് മോഹന്‍ലാലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ നീക്കം

0 180

ആന കൊമ്പ് കൈവശo വച്ചതിന് മോഹന്‍ലാലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ നീക്കം

കൊച്ചി : ആനക്കൊമ്ബ് കൈവശം വച്ചതിന് നടന്‍ മോഹന്‍ലാലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ നീക്കം. വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കിയതായി ദ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസില്‍ ഒന്നാം പ്രതിയാണ് മോഹന്‍ലാല്‍. തൃശൂര്‍ സ്വദേശി പി.എന്‍.കൃഷ്ണകുമാര്‍,​ തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാര്‍,​ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് താരത്തിലെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അപേക്ഷകള്‍ ഇതിനോടകം തന്നെ താരം സമര്‍പ്പിച്ചിരുന്നു. 2016 ജനുവരി 31നാണ് ആദ്യം അപേക്ഷ നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 20ന് മറ്റൊരു അപേക്ഷയും നല്‍കി. കൂടാതെ കേസ് സംബന്ധിച്ച്‌ കഴിഞ്ഞ ആഗസ്റ്റില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ഡിസംബറില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനും സര്‍ക്കാരിന് രണ്ട് കത്ത് സമര്‍പ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ എന്‍.ഒ.സി നല്‍കിയത്.

അതേസമയം,​ മോഹന്‍ലാലിന് എതിരായ കേസ് പിന്‍വലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ അഡിഷണല്‍ ചീഫ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഫെബ്രുവരി 7ന് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കോ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കോ നിര്‍ദ്ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറി കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.