ഹരിദാസിന്‍റെ ശരീരത്തില്‍ 20 ല്‍ അധികം വെട്ടുകള്‍, ശരീരം വികൃതമാക്കി; ഇടതുകാല്‍ മുറിച്ചുമാറ്റി

0 880

തലശ്ശേരി പുന്നോലിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന്‍ ഹരിദാസിന്‍റെ (Haridas Murder) ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഹരിദാസിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്‌.  ഇരുപതില്‍ അധികം തവണ ഹരിദാസിന് വെട്ടേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടിയുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം ശരീരം വികൃതമാക്കി. ഇടതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റി. വലതുകാൽ മുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴെയാണ് മുറിവുകൾ അധികവും ഉള്ളത്.

ഇന്ന് പുലര്‍ച്ചെയാണ് സിപിഎം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയായ താഴെക്കുനിയിൽ ഹരിദാസനെ കൊലപ്പെടുത്തിയത്. ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഹരിദാസിനെ ബന്ധുക്കളുടെ മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ഒരാഴ്ച്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സിപിഎം ബിജെപി സംഘർഷമുണ്ടായിരുന്നു. ഇതിന്‍റെ പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.