മൊറട്ടോറിയം കാലാവധി ഒരു വര്‍ഷമാക്കി നീട്ടി നല്‍കണം; പ്രധാനമന്ത്രിക്ക് കത്ത് അയച്ച് ഹൈബി ഈഡന്‍
കൊച്ചി: വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിച്ച മൊറട്ടോറിയം കാലാവധി, അധികപലിശയോ പിഴ പലിശയോ ഈടാക്കാതെ ഒരു വര്‍ഷത്തേക്ക് നീട്ടി നല്കണമെന്ന് ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രി, റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ എന്നിവര്‍ക്ക് കത്ത് നല്കി.
കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ ലോകം മുഴുവന്‍ വലിയ സാമ്ബത്തീക പ്രതിസന്ധി നേരിടുകയാണ്. സമാന സാഹചര്യം നമ്മുടെ രാജ്യത്തൂമുണ്ട്. ഉപജീവനത്തിനും ഭവന നിര്‍മാണത്തിനും മക്കളുടെ വിവാഹവശ്യങ്ങള്‍ക്കെല്ലാമായി ലോണ്‍ എടുത്തിരിക്കുന്നവരാണ് വലിയ പ്രതിസന്ധിയിലാകുന്നത്.മധ്യ വര്‍ഗത്തെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇവരുടെ ജീവനമാര്‍ഗമായ ചെറുകിട വ്യാപാര വ്യവസായങ്ങളും തൊഴിലും വലിയ ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്.ഈ ആഘാതത്തില്‍ നിന്ന് അവര്‍ തിരിച്ചെത്തണമെങ്കില്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.
നിലവില്‍ പ്രഖ്യാപിച്ച 3 മാസത്തെ മൊറട്ടോറിയത്തില്‍ ഉപഭോക്താവിന്റെ മേല്‍ ചുമത്തുന്ന അധിക പലിശയോ പിഴ പലിശയോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് കേന്ദ്ര മന്ത്രിക്ക് എംപി കത്ത് നല്കിയിരുന്നു.