ബി.എസ്.-4 വാഹന രജിസ്ട്രേഷന്‍; പരിശോധന വേണ്ട, ഫോട്ടോ കാണിച്ചാല്‍മതി

0 483

ബി.എസ്.-4 വാഹന രജിസ്ട്രേഷന്‍; പരിശോധന വേണ്ട, ഫോട്ടോ കാണിച്ചാല്‍മതി

മാര്‍ച്ച്‌ 31-നുമുമ്ബ് വില്‍പ്പന നടത്തേണ്ട ഭാരത് സ്റ്റേജ്-4 വാഹനങ്ങള്‍ക്ക് പരിശോധന കൂടാതെ സ്ഥിരം രജിസ്ട്രേഷന്‍ അനുവദിക്കാന്‍ നിര്‍ദേശം. ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന രേഖകളും വാഹനത്തിന്റെ ഫോട്ടോയും പരിശോധിച്ച്‌ രജിസ്ട്രേഷന്‍ നല്‍കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റില്‍നിന്നുള്ള ഉത്തരവ്. സര്‍ക്കുലറിനുപകരം ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് സന്ദേശം കൈമാറിയത്. നികുതിവെട്ടിപ്പിനും രജിസ്ട്രേഷന്‍ ക്രമക്കേടിനും ഇടയാക്കുന്നതാണ് നടപടി.

ആഡംബര വാഹനങ്ങളുടെ വിവിധ മോഡലുകള്‍ തമ്മില്‍ ലക്ഷങ്ങളുടെ വിലവ്യത്യാസമുണ്ട്. വിലയ്ക്ക് ആനുപാതികമായി റോഡ് നികുതിയും ഉയരും. പരിശോധന ഒഴിവാക്കിയതോടെ ഏതു മോഡല്‍ വാഹനമാണ് രജിസ്ട്രേഷനെത്തുന്നതെന്ന് കണ്ടെത്താനാകില്ല. വാഹനത്തിന്റെ യഥാര്‍ഥ വില മറച്ചുവെച്ച്‌ കുറഞ്ഞവില രേഖപ്പെടുത്തിയ രേഖകള്‍ ഹാജരാക്കി നികുതിയും വെട്ടിക്കാം. വാഹനനിര്‍മാതാവാണ് വില രേഖപ്പെടുത്തേണ്ടത്. പരമാവധി വാഹനങ്ങള്‍ വില്‍ക്കാന്‍ ശ്രമം നടക്കുന്നതിനാല്‍ ഇതില്‍ ക്രമക്കേടിന് സാധ്യതയുണ്ട്.

ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ താത്കാലിക രജിസ്ട്രേഷന്‍ അനുവദിക്കുന്ന രീതിയാണുള്ളത്. ഇതിനുശേഷം വാഹനം പരിശോധനയ്ക്ക് ഹാജരാക്കണം. രേഖകളും വാഹന എന്‍ജിന്‍, ഷാസി നമ്ബറുകളും ഒത്തുനോക്കിയാണ് സ്ഥിരം രജിസ്ട്രേഷന്‍ നല്‍കുന്നത്. ഇതിനുപകരം ഷോറൂമുകാര്‍ ഹാജരാക്കുന്ന ഫോട്ടോ പരിശോധിച്ച്‌ രജിസ്ട്രേഷന്‍ അനുവദിക്കാനാണ് നിര്‍ദേശം.

ഏപ്രില്‍ ഒന്നുമുതല്‍ മലിനീകരണ നിയന്ത്രണ നിബന്ധനയായ ഭാരത് സ്റ്റേജ്-6 വാഹനങ്ങള്‍മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പരിശോധന വേണ്ടെന്നുവെച്ചതെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വിശദീകരണം. രേഖകളില്‍ സംശയം തോന്നിയാല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നസമയത്ത് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമെങ്കില്‍ വാഹനങ്ങള്‍ പരിശോധിക്കാമെന്നും അധികൃതര്‍ പറഞ്ഞു.