വനിതാ സംരംഭകരുമായി മന്ത്രി മുഖാമുഖം നടത്തി

0 96

 

പാപ്പിനിശ്ശേരി : സാര്‍വദേശീയ വനിതാദിനമായ ഞായറാഴ്ച വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അരോളിയിലെ സ്വവസതിയില്‍ വനിതാ സംരംഭകരുമായി മുഖാമുഖം നടത്തി. വനിതകളും വനിതാസംഘങ്ങളും തൊഴില്‍ദാതാക്കളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. അതിന് സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും വാഗ്ദാനംചെയ്തു.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ തൊഴില്‍രഹിതര്‍ക്കും തൊഴില്‍ കൊടുക്കും. ഗ്രാമ പഞ്ചായത്ത്‌ അടിസ്ഥാനത്തില്‍ ചെറുകിട, ഇടത്തരം സംരഭങ്ങള്‍ തുടങ്ങാന്‍ അതത് ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ പടിയൂരില്‍ സംരംഭം അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള പതിനഞ്ചോളം വനിതാ സംരംഭങ്ങളെ പ്രതിനിധീകരിച്ച്‌ അന്‍പതോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭക്ഷ്യവിഭവങ്ങള്‍, തുണിത്തരങ്ങള്‍, ഡിസൈനിങ്ങ് തുടങ്ങിയ മേഖലകളിലെ സംരംഭകരാണ് പങ്കെടുത്തത്. മന്ത്രിയോടൊപ്പം ഭാര്യ പി.കെ. ഇന്ദിരയുമുണ്ടായിരുന്നു.