പാലാ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല, മുഖ്യപരിഗണന വിജയത്തിന് ; കുട്ടനാട്ടില്‍ പിടിമുറുക്കി കോണ്‍ഗ്രസ് ; വിട്ടുതരില്ലെന്ന് കേരള കോണ്‍ഗ്രസ്

0 412

 

പാലാ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല, മുഖ്യപരിഗണന വിജയത്തിന് ; കുട്ടനാട്ടില്‍ പിടിമുറുക്കി കോണ്‍ഗ്രസ് ; വിട്ടുതരില്ലെന്ന് കേരള കോണ്‍ഗ്രസ്

കോട്ടയം : യുഡിഎഫറില്‍ കേരള കോണ്‍ഗ്രസിന്റെ സീറ്റായ കുട്ടനാടില്‍ കോണ്‍ഗ്രസ് പിടിമുറുക്കുന്നു. പാലാ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും, കുട്ടനാട്ടില്‍ വിജയത്തിനായിരിക്കും മുഖ്യ പരിഗണനയെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. എന്തായാലും പാലാ ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സഖ്യകക്ഷിയുടെ സീറ്റായതിനാല്‍ കോണ്‍ഗ്രസിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ല. യുഡിഎഫ് യോഗമാണ് തീരുമാനമെടുക്കേണ്ടത്. അടുത്ത യുഡിഎഫ് യോഗം ഇക്കാര്യം അടക്കം ചര്‍ച്ച ചെയ്യുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത്, കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ധാരണയിലെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതിനു നേതൃത്വം നല്‍കും. ഇതു സംബന്ധിച്ചു പ്രാരംഭചര്‍ച്ച ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ ഈ സ്ഥിതി മാറിയാല്‍ ആ സീറ്റോ, കേരള കോണ്‍ഗ്രസിനു താല്‍പര്യമുള്ള മറ്റൊരു സീറ്റോ നല്‍കാമെന്നും വ്യക്തമാക്കും.

കേരള കോണ്‍ഗ്രസില്‍ തമ്മിലടി മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ പാലാ പോലെ, കുട്ടനാട് സീറ്റും കൈമോശം വരുത്തരുതെന്നാണ് കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായം. കേരള കോണ്‍ഗ്രസ് ഭിന്നിച്ചു നില്‍ക്കുന്ന സാഹചര്യം വീണ്ടും പരാജയത്തിന് വഴിയൊരുക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കേരള കോണ്‍ഗ്രസുകള്‍ രഞ്ജിപ്പിലെത്താത്തതിനാല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നതാണ് ഉചിതമെന്ന െ്രെകസ്തവസഭാ നേതൃത്വത്തിന്റെ അഭിപ്രായവും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി പരിഗണിച്ചു.

എന്നാല്‍ കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നും, മറ്റാര്‍ക്കും വിട്ടുനല്‍കാനാവില്ലെന്നുമാണ് പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി പക്ഷവും ആവര്‍ത്തിക്കുന്നത്. കുട്ടനാട്ടില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. യുഡിഎഫിനെ വിഭജിക്കുന്ന നിലപാടാണ് പി ജെ ജോസഫിന്റേത് . ജേക്കബ് വിഭാഗത്തിന്റെ പിളര്‍പ്പ് അതിന് ഉദാഹരണമാണെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം ജോണി നെല്ലൂര്‍ കൂടി വന്നതോടെ, ഏറ്റവും വലിയ കേരള കോണ്‍ഗ്രസ് തങ്ങളാണെന്നും, സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെന്നുമാണ് ജോസഫ് പക്ഷം ഉന്നയിക്കുന്നത്. കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പിലെ ജേക്കബ് ഏബ്രഹാം മത്സരിച്ച കുട്ടനാട്ടില്‍ അദ്ദേഹം തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് പി ജെ ജോസഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ജോസഫിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്.