മുംബൈയില്‍നിന്ന് കര്‍ണാടകയിലേക്ക് മൃതദേഹവുമായി പോയ മൂന്ന് പേര്‍ക്ക് കോവിഡ്
ബംഗളൂരു: മുംബൈയില്‍നിന്ന് കര്‍ണാടകയിലേക്ക് മൃതദേഹവുമായി യാത്ര ചെയ്ത ആറ് പേരില്‍ മൂന്ന് പേര്‍ക്ക് കോവിഡ്. അമ്ബത്തിയാറുകാരന്റെ മൃതദേഹവുമായി മാണ്ഡ്യയിലേക്ക് വന്നവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
മുംബൈയില്‍ ഓട്ടോ ഡ്രൈവറായിരുന്ന ആളാണ് മരിച്ചത്. ഹൃദയാഘാതം മൂലം മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹവുമായി അടുത്ത ബന്ധുക്കളാണ് ആംബുലന്‍സില്‍ നാട്ടിലേക്ക് തിരിച്ചത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് ഇവര്‍ യാത്ര ചെയ്തത്.
മാണ്ഡ്യയിലെത്തി ശവസംസ്കാര ചടങ്ങുകള്‍ക്ക് ശേഷം ആംബുലന്‍സില്‍ എത്തിയവരെ പരിശോധനയ്ക്കു വിധേയമാക്കി. ഇതില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ മരിച്ചയാളുടെ ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
മാണ്ഡ്യയിലേക്കുള്ള യാത്രാമധ്യേ ഒരു സ്ത്രീയേയും മകനേയും ആംബുലന്‍സില്‍ കൂടെക്കൂട്ടിയിരുന്നു. അതില്‍ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചയാളുടെ മകന് സ്വകാര്യബാങ്കിലെ ജോലിക്കാരനാണ്. ഇയാളില്‍നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്.
ആംബുലന്‍സില്‍ എത്തിയ എല്ലാവരേയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. മുംബൈ ഭരണകൂടത്തിന്റെ വീഴ്ചയാണിതെന്ന് മാണ്ഡ്യ ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ആറ് പേര്‍ക്ക് മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ അവര്‍ എന്തിനാണ് അനുമതി നല്‍കിയത്. അതും തീവ്രരോഗബാധിത പ്രദേശത്തുനിന്നും പരിശോധനകള്‍ കൂടാതെ- അദ്ദേഹം കുറ്റപ്പെടുത്തി.