വനിതാ ദന്ത ഡോക്ടറുടെ കൊലപാതകം: ഒരു വര്‍ഷത്തിനിടെ പ്രതി തട്ടിയത് ലക്ഷക്കണക്കിന് രൂപ 

0 537

വനിതാ ദന്ത ഡോക്ടറുടെ കൊലപാതകം: ഒരു വര്‍ഷത്തിനിടെ പ്രതി തട്ടിയത് ലക്ഷക്കണക്കിന് രൂപ 

 

വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തായ ഡോക്ടര്‍ മഹേഷ് പിടിയിലായതിന് പിന്നാലെ പുറത്ത് വരുന്നത് കൊല്ലപ്പെട്ട സോന നേരിട്ട കൊടും ചതിയുടെ കഥകളാണ്. രണ്ട് ദിവസം മുന്‍പാണ് അച്ഛനും ബന്ധുക്കളും നോക്കിനിൽക്കെ ക്ലിനിക്കിന് അകത്ത് വച്ച് സുഹൃത്താ ഡോക്ടര്‍ മഹേഷ്  കത്തി കൊണ്ട്  സോനയെ കുത്തിയത്.

കൊല്ലപ്പെട്ട ഡോക്ടർ സോനയും പ്രതിയായ മഹേഷും ഒരുമിച്ച് നടത്തിവന്നതായിരുന്നു ക്ലിനിക്ക്. ലാഭവിഹിതം മുഴുവൻ മഹേഷ് കൊണ്ടുപോകുന്നുവെന്ന് കാണിച്ച് സോന പൊലീസിൽ പരാതി നൽകിയിരുന്നു. പങ്കാളിത്തം ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ഒരു വര്‍ഷമായി മഹേഷ് സോനയുടെ സമ്പാദ്യമെല്ലാം തട്ടിയെടുത്ത് കബളിപ്പിക്കുകയായിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മെഡിക്കല്‍ കോളേജില്‍ ഒരുമിച്ച് പഠിക്കുന്ന കാലം മുതല്‍ ആണ് സോനയും മഹേഷും സുഹൃത്തുക്കളാകുന്നത്. പഠന ശേഷം സോന വേറെ വിവാഹം കഴിച്ചിരുന്നെങ്കിലും രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവുമായി അകന്ന സോന വിദേശത്തുള്‍പ്പടെ ജോലി നോക്കി വരികയായിരുന്നു. വിദേശത്തുള്ളപ്പോഴാണ് നാട്ടിലുള്ള മഹേഷ് സോനയോട് വീണ്ടും സൌഹൃദം സ്ഥാപിച്ച് നാട്ടിലേക്ക് വിളിച്ച് വരുത്തിയത്.

മഹേഷിന്‍റെ നിര്‍‌ബന്ധത്തിലാണ് സോന ഡെന്‍റല്‍ ക്ലിനിക്ക് ആരംഭിക്കുന്നത്. ഇതിനുള്ള സഹായങ്ങള്‍ ചെയ്ത് കൊടുത്ത് മഹേഷ് സോനയ്ക്കൊപ്പം കൂടുകയായിരുന്നു. പിന്നീട് ഇവര്‍ ഒരുമിച്ച് താമസം തുടങ്ങി. ഇക്കാര്യങ്ങളെല്ലാം സോന വീട്ടുകാരോട് മറച്ചു വച്ചു. വീട്ടുകാരെ സോന ഭയക്കുന്നുവെന്ന് മനസിലാക്കിയ മഹേഷ് ഈ കാര്യം പറഞ്ഞ് സോനയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് തുടങ്ങി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് രൂപ മഹേഷ് സോനയുടെ പക്കല്‍ നിന്നും തട്ടിയെടുത്തിരുന്നു. സോനയെ വീട്ടുതടങ്കലിലെന്നപോലെയാണ് മഹേഷ് താമസിപ്പിച്ചിരുന്നത്. ഇവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളടക്കം കൈവശപ്പെടുത്തി വച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. ഒടുവില്‍ ചതി മനസിലാക്കി  മഹേഷിന്‍റെ മാനസിക പീഡനത്തില്‍ സഹികെട്ട് സോന വിവരം വീട്ടുകാരെ അറിയിച്ചത്. സോനയുടെ വരുമാനത്തില്‍ സുഖിച്ച് ജീവിക്കുകയായിരുന്ന മഹേഷ് ഇതോടെ മാനസികമായി സോനയെ പീഡിപ്പിക്കാന്‍ തുടങ്ങി.

ഒടുവില്‍ വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം സോന പൊലീസില്‍ പരാതി നല്‍കി. ഇതോടെ മഹേഷിന് സോനയോട് പക മൂത്തു. സ്ഥാപനം വിറ്റ് നാട്ടിലേക്ക് പോവുകയാണെന്ന് സോന പറഞ്ഞത് മഹേഷിനെ പ്രകോപിപ്പിച്ചു. ക്ലിനിക്കിന്‍റെ ലൈസന്‍സ് ഉള്‍പ്പടെയുള്ള രേഖകള്‍ സോനയുടെ പേരിലായിരുന്നു. ഇതോടെയാണ് മഹേഷ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സോനയെ വട്ടം പിടിച്ച് വയറിന് കുത്തുകയായിരുന്നു. ബന്ധുക്കള്‍‌ ഉടനെ തന്നെ സോനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീന്‍ രക്ഷിക്കാനായില്ല. ആദ്യത്തെ കുത്തില്‍ ഹൃദയത്തിന് പരിക്കേറ്റതിനാല്‍ രക്തസ്രാവം നിലയ്ക്കാതെയാണ് സോന മരിച്ചത്.