അഴിമതി രഹിത സർക്കാരിനായി വോട്ട് ചെയ്യണം; പ്രിയങ്ക

611

അഴിമതി രഹിത സർക്കാരിനെ തെരഞ്ഞെടുക്കാൻ ഗോവൻ ജനതയോട് ആഹ്വാനം ചെയ്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗോവയെ ഒന്നാമതെത്തിക്കുന്ന രാഷ്ട്രീയം തെരഞ്ഞെടുക്കണമെന്നും വികസന സർക്കാരിനെ അധികാരത്തിൽ എത്തിക്കണമെന്നും പ്രിയങ്ക വോട്ടർമാരോട് അഭ്യർത്ഥിച്ചു.

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. “അഴിമതി സമ്പ്രദായം” മാറ്റാൻ ഗോവക്കാർക്ക് ലഭിച്ച അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായി വോട്ട് ചെയ്യണമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

ഗോവയിലെ 40 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 301 സ്ഥാനാർത്ഥികളാണ് ഗോവയിൽ മത്സര രംഗത്തുള്ളത്. ഗോവയിലെ വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.