മുഴപ്പിലങ്ങാട് അംബേദ്കര്‍ സാംസ്‌കാരിക നിലയം നാടിന് സമര്‍പ്പിച്ചു

0 177

മുഴപ്പിലങ്ങാട് അംബേദ്കര്‍ സാംസ്‌കാരിക നിലയം നാടിന് സമര്‍പ്പിച്ചു

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് തെക്കെ കുന്നുമ്പ്രം അംബേദ്കര്‍ സാംസ്‌കാരിക നിലയം പട്ടികജാതി- പട്ടിക വര്‍ഗ പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന്‍  ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ മാനിഫെസ്റ്റോ വഴി പ്രഖ്യാപിച്ച പരിപാടികളില്‍  95 ശതമാനവും ഇതിനകം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പട്ടിക വിഭാഗങ്ങളുടെ സാമൂഹിക- സാമ്പത്തിക പുരോഗതിക്കായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. താമസിച്ച് പഠിക്കാന്‍ സൗകര്യമില്ലാത്ത പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വീടിനോടനുബന്ധിച്ച് പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത പഠനമുറി പദ്ധതിയുടെ ഭാഗമായി 25,000 പഠനമുറികളില്‍ 12500 എണ്ണം ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്നവയുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇതോടൊപ്പം പട്ടികജാതി കോളനികളുടെ വികസനവും നടക്കുന്നുണ്ട്. അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി  പ്രകാരം 201 പട്ടികജാതി കോളനികളുടെ വികസനം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. കോളനികളുടെ വൈദ്യുതീകരണത്തിനായി 11.78 കോടി രൂപ അനുവദിച്ചു. എസ് സി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ  ആരോഗ്യ സംരക്ഷണത്തിനായി വാത്സല്യനിധി പദ്ധതി രൂപീകരിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം വരുന്ന എസ് സി, എസ്ടി രോഗികള്‍ക്ക് ചികിത്സാ ധനസഹായമായി 254 കോടി രൂപ നല്‍കാനായെന്നും വകുപ്പിന്റെയും ലൈഫ് മിഷന്റെയും ഭാഗമായി 59,000 പട്ടികജാതി വിഭാഗക്കാര്‍ക്കും  ഇരുപതിനായിരത്തോളം വരുന്ന ആദിവാസികള്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  പട്ടിക ജാതിയില്‍പ്പെട്ട 17,177 പേര്‍ക്ക് വീട് വെക്കാന്‍ അഞ്ച് സെന്റ് വീതം സ്ഥലം നല്‍കാന്‍  സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തില്‍ താരതമ്യേന രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാളും മെച്ചപ്പെട്ട അവസ്ഥ കൈവരിക്കാന്‍ കേരള സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും സാധിച്ചിട്ടുണ്ട്. പക്ഷെ ഇടക്കാലത്തുണ്ടായ ചില സംഭവങ്ങള്‍ ക്രമാതീതമായ രൂപത്തില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിന് ഇടയായി. കൊവിഡ് പ്രതിരോധത്തോടൊപ്പം തന്നെ ജനങ്ങളുടെ ജീവിതവും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ ആവശ്യമാണ്. അതോടൊപ്പം നാടിന്റെ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളും ഒന്നായി കൊണ്ടു പോകാനാകണം. 100 ദിന പരിപാടികള്‍ക്ക് ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞു. അവ ഓരോന്നായി നടപ്പാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്തും മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തും സംയുക്തമായാണ്  32 ലക്ഷം രൂപ ചെലവില്‍ തെക്കെ കുന്നുമ്പ്രത്ത് സാംസ്‌കാരിക നിലയത്തിനായി ഇരുനില കെട്ടിടം നിര്‍മ്മിച്ചത്. സാംസ്‌കാരിക മുന്നേറ്റത്തിനും തൊഴില്‍ നൈപുണ്യ പരിശീലനത്തിനും ഉപകരിക്കുന്ന കെട്ടിടത്തില്‍ വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍, വായനമുറി, റിസപ്ഷന്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ഹാബിസ് അധ്യക്ഷനായി. മഹാത്മ അയ്യങ്കാളി സ്മാരക ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു. ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അനുവദിച്ച പ്രതീക്ഷ എസ് സി ബ്രിക്ക് യൂണിറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശോഭ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സിന്ധു, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.