‘റബറിന്റെ വിലകൂട്ടിയാലൊന്നും കേരളം പിടിക്കാൻ കഴിയില്ല’; കേരളത്തിൽ മതനിരപേക്ഷതയാണ് ബദലെന്ന് എം.വി ഗോവിന്ദൻ

0 1,545

കണ്ണൂർ: റബറിന്റെ വിലകൂട്ടിയാലൊന്നും കേരളം പിടിക്കാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ മതനിരപേക്ഷത മാത്രമാണ് ബദൽ. ഏതെങ്കിലും തുറുപ്പ് ചീട്ടിട്ട് കേരളം പിടിക്കാമെന്ന് ആർഎസ്എസ് വിചാരിച്ചാൽ നടക്കില്ല. ആർഎസ്എസ് അതിക്രമത്തിനെതിരെ ജന്തർമന്ദറിൽ പ്രതിഷേധിച്ചത് ക്രിസ്തീയ സംഘടനകളാണല്ലോയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അതേസമയം തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംബ്ലാനിയുടെ പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കർ പിന്തുണക്കില്ലെന്ന് ഫാദർ പോൾ തേലക്കാട് പറഞ്ഞു. പത്തുകാശിന് ആത്മാവിനെ വിൽക്കുന്നത് പോലുള്ള നടപടിയാണിത്. റബർവിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയതീരുമാനമെടുക്കുന്നത് ആത്മഹത്യാപരമാണെന്നും ഫാദർ പോൾ തേലക്കാട്  പറഞ്ഞു.

കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി. ജെ.പിയെ സഹായിക്കുമെന്നാണ് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നടത്തിയ പ്രസ്താവന. കേരളത്തിൽ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണം.

കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.