എന്റെ സ്റ്റാഫിന് കിട്ടിയത് വാച്ച്, ഐ ഫോൺ കിട്ടിയത് കോടിയേരിയുടെ സ്റ്റാഫിന്: ചെന്നിത്തല

0 565

എന്റെ സ്റ്റാഫിന് കിട്ടിയത് വാച്ച്, ഐ ഫോൺ കിട്ടിയത് കോടിയേരിയുടെ സ്റ്റാഫിന്: ചെന്നിത്തല

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് നടത്തിയ നറുക്കെടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മുൻ സ്റ്റാഫ് അംഗത്തിനു ഐ ഫോൺ സമ്മാനമായി കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. 2019 ഡിസംബർ രണ്ടിന് നടന്ന യുഎഇ ദിനാഘോഷത്തിന്റെ ചിത്രങ്ങൾ സഹിതമാണ് ചെന്നിത്തല ആരോപണമുന്നയിച്ചത്.

കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എ.പി.രാജീവൻ അടക്കം മൂന്ന് പേർക്കാണ് സ്‌മാർട്ട് ഫോൺ സമ്മാനമായി കിട്ടിയതെന്ന് ചെന്നിത്തല ആരോപിച്ചു.

ലക്കി ഡിപ്പ് വഴിയായിരുന്ന സമ്മാനം നൽകിയത്. തന്റെ സ്റ്റാഫിൽ പെട്ട ഹബീബിന് ലക്കി ഡിപ്പിൽ വാച്ച് സമ്മാനമായി കിട്ടിയിരുന്നു. കോൺസുൽ ജനറലാണ് ലക്കി ഡിപ്പ് സമ്മാനം കൊടുക്കാൻ ആവശ്യപ്പെട്ടതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

താൻ ഐ ഫോൺ സമ്മാനമായി വാങ്ങിയെന്ന സന്തോഷ് ഈപ്പന്റെ വാദം ശുദ്ധ അസംബന്ധമാണ്. ഒരു ഫോൺ എവിടെയാണെന്ന് ഇപ്പോൾ കണ്ടെത്താനായി. ബാക്കി ഫോണുകൾ എവിടെയെന്ന് കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.