നടപ്പാതയായി; ഒപ്പം നടപ്പാത കയ്യേറിയുള്ള കച്ചവടവും തുടങ്ങി

0 236

ഇരിട്ടി: കെ എസ് ടി പി പദ്ധതിയിൽ ഉൾപ്പെടുത്തി ടൗണും റോഡും വികസിപ്പിക്കുകയും ഇരിട്ടി നഗരം പുതു മോടി കൈവരിക്കുകയും ചെയ്തു കഴിഞ്ഞു. വ്യാഴാഴ്ച മുതൽ പുതിയ ട്രാഫിക് പരിഷകരണത്തിന് തുടക്കമിടാനും തീരുമാനിച്ചു കഴിഞ്ഞു. എന്നാൽ കാൽനടയാത്രക്കാർക്ക് അപകടരഹിതമായ നിലയിൽ നടന്നുപോകുവാൻ കൈവരി അടക്കം തീർത്ത് നിർമ്മിച്ച നടപ്പാത കയ്യേറിയുള്ള കച്ചവടത്തിനും നഗരത്തിലെ കച്ചവടക്കാർ തുടക്കമിട്ടു കഴിഞ്ഞു. ടൗണിലെ മുന്നൂറിലധികം കയ്യേറ്റങ്ങൾ പൊളിച്ചുകളഞ്ഞ് ആസ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് വൃത്തിയും വെടിപ്പുമുള്ള നടപ്പാത നിർമ്മിച്ചത്. എന്നാൽ ഇവ വീണ്ടും കയ്യേറിയാണ് പല കച്ചവടക്കാരും തങ്ങളുടെ ബിസിനസ് തുടരുന്നത്.
പച്ചക്കറികളും , പ്ലാസ്റ്റിക് ഉൽപ്പങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഇവർ കടകളിൽ നിന്നും ഇറക്കി നടപ്പാതയിൽ വിന്യസിച്ച് തങ്ങളുടെ കച്ചവടം തുടരുന്നത്. വെറും മൂന്ന് മീറ്ററോളം മാത്രം വീതിയുള്ള നടപ്പാത കയ്യേറി നടത്തുന്ന കച്ചവടം മൂലം ഇതുവഴി നടന്നു പോകുന്ന യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. അധികൃതരുടെ കർശനമായ നിയന്ത്രണത്തിലൂടെ ഇതിന് പരിഹാരം കാണണം എന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.