പോലീസ് സ്റ്റേഷനില്‍ നാണയം വിഴുങ്ങി പ്രതിയുടെ ആത്മഹത്യാശ്രമം; ശ്രമം നടത്തിയത്‌ പിടിയിലായ വ്യാജ ഡോക്ടര്‍

0 156

 

അരുവിക്കര: എസ്.എ.ടി. ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധന്‍ എന്നവകാശപ്പെട്ട് ചികിത്സ നടത്തിയതിന് അറസ്റ്റിലായയാള്‍ അരുവിക്കര പോലീസ് സ്റ്റേഷനില്‍ നാണയം വിഴുങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ചു. അരുവിക്കര പോലീസ് ബുധനാഴ്ച അറസ്റ്റുചെയ്ത നാവായിക്കുളം കുന്നുവിള പുത്തന്‍വീട്ടില്‍ രാജേഷ്(30) ആണ് പത്തു രൂപയുടെ നാണയം വിഴുങ്ങിയത്.

രാജേഷിനെ വ്യാഴാഴ്ച ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇയാള്‍ കൈയിലുണ്ടായിരുന്ന നാണയം വിഴുങ്ങിയത്. ഉടന്‍തന്നെ ഇയാളെ പോലീസുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. അബ്ദുള്‍ റഷീദിന്‍റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ അന്നനാളത്തില്‍ കുടുങ്ങിക്കിടന്ന നാണയം പുറത്തെടുത്തു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് വൈകീട്ട് ഏഴുമണിയോടെ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രാജപ്പന്‍ നായരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച്‌ പ്രതിയെ റിമാന്‍ഡ് ചെയ്തു.

എസ്.എ.ടി. ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധന്‍ എന്നവകാശപ്പെട്ട് ഇയാള്‍ ആറുവര്‍ഷമായി വ്യാജ ഡോക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഒരു യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.