28 ദിവസത്തെ ചിത്രീകരണം; ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന് പാക്കപ്പ്

0 2,308

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്‍റെ ചിത്രീകരണം പഴനിയില്‍ പൂര്‍ത്തിയായി. നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ ചിത്രീകരണമാരംഭിച്ച സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. തമിഴ്നാട്ടിലെ മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നാണ് ലിജോയും സംഘവും ചിത്രം ഒറ്റ ഷെഡ്യൂളില്‍ തന്നെ തീര്‍ത്തത്.

ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് നിര്‍മ്മാണം. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘അമര’ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. എസ് ഹരീഷിന്‍റേതാണ് രചന.

ഇതിനകം ചിത്രീകരണം ആരംഭിച്ച ‘സിബിഐ 5’ലാണ് മമ്മൂട്ടി ഇനി ജോയിന്‍ ചെയ്യുക. സിനിമയുടെ ചിത്രീകരണം ഏതാനും ദിവസം മുന്‍പ് എറണാകുളത്ത് ആരംഭിച്ചിരുന്നു. ഹൈദരാബാദും ദില്ലിയുമാണ് ഈ ചിത്രത്തിന്‍റെ മറ്റു ലൊക്കേഷനുകള്‍. ഈ മാസം 10ന് മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്.