നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും ശ്വാസംമുട്ടുന്നു

0 101

 

 

വെള്ളമുണ്ട: നാട്ടുകാര്‍ക്ക് ദുരിതമായി എട്ടേ നാല്‍ അങ്ങാടിയില്‍ മാലിന്യം കത്തിക്കുന്നു. പഞ്ചായത്ത് ഓഫീസിന് തൊട്ടടുത്താണ് പകലുംരാത്രിയും പുകയുന്നത്. വെള്ളമുണ്ട എ.യു.പി. സ്കൂള്‍ കെട്ടിടത്തിനരികിലായി പ്രധാന നടപ്പാതയോടുചേര്‍ന്ന് റോഡരികിലാണ് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത്. രാത്രി മാലിന്യം കൊണ്ടിട്ടശേഷം തീ കൊടുത്ത് പോവുകയാണ്. കട്ടിയുള്ള പ്ലാസ്റ്റിക് കൂമ്ബാരത്തില്‍നിന്ന്‌ പകല്‍മുഴുവന്‍ പുകയുയര്‍ന്നാണ് സമീപത്തെ സ്കൂള്‍ ക്ലാസ് മുറികളിലെത്തുന്നത്. സദാസമയവും പ്ലാസ്റ്റിക്കിന്റെ ഗന്ധമുള്ള പുക ശ്വസിക്കേണ്ടിവരുന്നത് സമീപത്തെ വ്യാപാരികളെയും നാട്ടുകാരേയും പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നുണ്ട്. വിദ്യാര്‍ഥികളടക്കം ഉപയോഗിക്കുന്ന നടപ്പാതയില്‍ ആദ്യം മാലിന്യം തള്ളിയത് പഞ്ചായത്തധികൃതരാണെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീടും മാലിന്യം തള്ളുന്നതിനെതിരേ നടപടിയൊന്നുമുണ്ടായില്ല.

വെള്ളമുണ്ട എട്ടേ നാല്‍ ടൗണിലെ സ്കൂള്‍ റോഡിലെ നടപ്പാതയിലാണ് വ്യാപകമായി മാലിന്യംതള്ളുകയും കത്തിക്കുകയും ചെയ്യുന്നത്. സമീപ ടൗണുകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നടക്കമുള്ള മാലിന്യമാണ് നടപ്പാതയിലും റോഡരികിലുമായി തള്ളുന്നത്. നിരവധിതവണ പരാതിപ്പെട്ടിട്ടും സ്കൂളിനരികിലെ മാലിന്യം കത്തിക്കല്‍ പതിവായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഒരാഴ്ചമുമ്ബ് മറ്റൊരു ടൗണില്‍നിന്നെത്തിച്ച ബേക്കറി കടയില്‍നിന്നുള്ള മാലിന്യം ചാക്കില്‍ കെട്ടി നടപ്പാതയില്‍ ഉപേക്ഷിച്ചിരുന്നു. ഇത് തെരുവുനായ്ക്കള്‍ കടിച്ചുവലിച്ച്‌ റോഡ് മുഴുവന്‍ പരന്നു. കഴിഞ്ഞ ദിവസംരാത്രിയില്‍ വീണ്ടും മാലിന്യംതള്ളി. ലക്ഷങ്ങള്‍മുടക്കി നല്ല രീതിയില്‍ നിര്‍മിച്ച നടപ്പാത മാലിന്യവും അനധികൃത പാര്‍ക്കിങ്ങും കാരണം പലപ്പോഴും യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്.