ശുചിത്വ സര്‍ട്ടിഫിക്കറ്റുമില്ല; ‘പുതുജീവന്‍’ മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ നടപടിയുമായി പഞ്ചായത്തും

0 126

 

കൊല്ലം: ‘പുതുജീവന്‍’ മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ നടപടിയുമായി പായിപ്പാട് പഞ്ചായത്തും. കെട്ടിടത്തിനുള്ള ശുചിത്വ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം പഞ്ചായത്ത് റദ്ദാക്കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ വി.സി ജോസഫിനോട് തിങ്കളാഴ്ച ഹാജരാകാന്‍ പായിപ്പാട് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചത് സംബന്ധിച്ച്‌ സ്ഥാപനത്തിന്‍റെ വാദം കേള്‍ക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്.

ചങ്ങനാശേരി പുതുജീവന്‍ മാനസികാരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത് മെന്‍റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി ഇല്ലാതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കോട്ടയം എഡിഎം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. സ്ഥാപനത്തിന്‍റെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുകളുണ്ടെന്നും ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതുജീവന്‍ മാനസികാരോഗ്യകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഗുരുതര നിയമലംഘനങ്ങളാണ് എഡിഎം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. സ്ഥാപനത്തിന് മെന്‍റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരമില്ല. 2016 മുതല്‍ 2021 വരെ പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന മെന്‍റല്‍ ഹെല്‍ത്ത് അതോറിറ്റി അനുമതി നല്‍കിയിരുന്നു. സ്ഥാപനത്തെപ്പറ്റി പരാതികള്‍ ഉയര്‍ന്നതിനാല്‍ 2019 ല്‍ ഇത് റദ്ദാക്കി. പഴയ അനുമതിയുടെ പകര്‍പ്പ് കാണിച്ചാണ് പിന്നീടിങ്ങോട് പ്രവര്‍ത്തിച്ചിരുന്നത്.

ചികിത്സയിലുണ്ടായിരുന്ന 33 പേര്‍ മരിച്ചത് അമിത മരുന്ന് ഉപയോഗം മൂലമാണോ എന്ന് കണ്ടെത്താന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അന്തേവാസികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും സ്ഥാപനം നടത്തുന്ന പരിസര മലിനീകരണത്തെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.എഡിഎം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കളക്ടര്‍ സര്‍ക്കാരിന് കൈമാറും.