പുതിയ ബാറുകള്‍ക്ക് ലൈസന്‍സ്: കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള സര്‍ക്കാര്‍ ശ്രമം – വെല്‍ഫെയര്‍ പാര്‍ട്ടി

0 484

പുതിയ ബാറുകള്‍ക്ക് ലൈസന്‍സ്: കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള സര്‍ക്കാര്‍ ശ്രമം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ലോക്ഡൗണിന്റെ ഭാഗമായ സാമൂഹ്യ നിയന്ത്രണങ്ങള്‍ നില നില്‍ക്കെ പുതുതായി ആറ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സര്‍ക്കാര്‍ നടപടി കേരളത്തെ മദ്യത്തില്‍ മുക്കാനുളള ഇടത് സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. മദ്യ വര്‍ജനമല്ല മദ്യ വ്യാപനമാണ് ഈ സര്‍ക്കാരിന്റെ യഥാര്‍ഥ നയം. സമ്പൂര്‍ണ മദ്യ നിരോധനം റദ്ദാക്കിയും പുതുതായി നൂറുകണക്കിന് ബാറുകള്‍ അനുവദിച്ചും മദ്യലോബിയോടുളള സര്‍ക്കാരിന്റെ പ്രതിബദ്ധത നിരവധി തവണ തെളിയിച്ചിട്ടുണ്ട്. മഹാമാരിയുടെ കാലത്തും അതിനൊട്ടും കുറവില്ല എന്ന് ആവര്‍ത്തിക്കുകയാണ് ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. നേരത്തേ അനുമതി നല്‍കിയ ബാറുകളുടെ ലൈസന്‍സ് ഫീസ് ഈടാക്കുക മാത്രമാണ് ചെയ്തത് എന്ന സര്‍ക്കാര്‍ വാദം ബാലിശമാണ്. അവശ്യ സര്‍വീസൊഴികെയുള്ള സാമൂഹ്യ സേവനങ്ങള്‍ ഇല്ലാതിരിക്കെ യുദ്ധകാലാടിസ്ഥാനത്തില്‍ ലൈസന്‍സ് ഫീ വാങ്ങിയതിന്റെ ഉദ്ദേശം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് കൂടിച്ചേരലുകള്‍ക്ക് സാമൂഹ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയ സമയത്ത് പോലും ഷാപ്പ് ലേലം നടത്തിയ സര്‍ക്കാരിന്റെ മദ്യം ഒഴുക്കാനുള്ള തിടുക്കം കേരളം കണ്ടതാണ്. കേന്ദ്രം പ്രഖ്യാപിച്ച ലോക്ഡൗണ്‍ പരിധിയില്‍ മദ്യം വരുന്നതുവരെ അവശ്യ സര്‍വീസൊഴികെ മറ്റെല്ലാം അടച്ചിട്ടിട്ടും ബെവ്‌കോയുടെ മദ്യ വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത് . ലോക്ഡൗണിലും ഡോക്ടറുടെ കുറിപ്പടിയുമായി വരുന്നവര്‍ക്ക് മദ്യം നല്‍കാമെന്ന ആരോഗ്യ ശാസ്ത്രത്തിന് വിരുദ്ധമായ തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്. കോടതിയും ഡോക്ടര്‍മാരും ഇടപെട്ടപ്പോഴാണ് ഈ മണ്ടന്‍ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. പ്രകടനപത്രികയില്‍ മദ്യ വര്‍ജന നയം എഴുതിവെച്ച് ജനങ്ങളെ കബളിപ്പിച്ച് അബ്കാരികള്‍ക്ക് വിടുപണി ചെയ്യുന്ന വഞ്ചനാപരമായ നിലപാടിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണം. പുതുതായി ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും ലോക്ക്ഡൗണ്‍ കാല അനുഭവം മുന്‍നിര്‍ത്തി സമ്പൂര്‍ണ മദ്യ നിരോധന നയം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.