കായിക രംഗത്ത് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തും: മന്ത്രി വി അബ്ദുറഹിമാൻ

0 199

കായിക രംഗത്ത് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്നും പുതിയ കായിക നയം പ്രാബല്യത്തിൽ വരുന്നതോടെ കായിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലയിലെ കായിക താരങ്ങൾക്കുള്ള അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കായിക താരങ്ങൾക്ക് തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനായി സ്പോർട്സ് സയൻസ്, സ്പോർട്സ് എം ബി എ പോലുള്ള പുതിയ കോഴ്സുകൾ ഉൾപ്പെടെ ആരംഭിക്കുകയാണ്. അവ പഠിക്കുന്നവർക്ക് വിദേശങ്ങളിൽ പോലും നല്ല ജോലി സാധ്യതയാണ് ഒരുങ്ങുന്നത്.
കായിക താരങ്ങളുടെ മത്സരങ്ങളിലേക്കും, ജോലിയിലേക്കുമുള്ള തെരഞ്ഞെടുപ്പ് പൂർണമായും മെറിറ്റ് അടിസ്ഥാനത്തിൽ ആണെന്ന് ഉറപ്പ് വരുത്തും. ഇതിനായി സർട്ടിഫിക്കേഷൻ പ്രോഗ്രാം രൂപപ്പെടുത്താനുള്ള നടപടികളുമായി കായിക വകുപ്പ് മുന്നോട്ട് പോവുകയാണ്. സംസ്ഥാന സ്പോർട്സ് കൗൺസിൽ ശുപാർശ ചെയ്യുന്ന കായിക താരങ്ങൾക്ക് സർക്കാർ തന്നെ നേരിട്ട് സർട്ടിഫിക്കേഷൻ നൽകുകയാണ് ചെയ്യുക. മന്ത്രി  വി അബ്ദുറഹിമാൻ പറഞ്ഞു.

കായിക മേഖലയെ എല്ലാത്തരത്തിലും  ജനകീയമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പുതിയ താരങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കാൻ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി 14 ജില്ലകളിൽ പുതിയ കായിക കേന്ദ്രങ്ങൾ ആരംഭിക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ജില്ലാ സ്റ്റേഡിയങ്ങൾ പണിയുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ഏഴ് ജില്ലകളിൽ പ്രവൃത്തി ഏകദേശം പൂർത്തിയായി. 50 കോടി രൂപയാണ് കണ്ണൂർ ജില്ലയ്ക്കായി അനുവദിച്ചത്. എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി 412 കളിക്കളങ്ങളാണ് സംസ്ഥാനത്ത് പുതുതായി ആരംഭിക്കേണ്ടത്. അതിൽ 25 എണ്ണത്തിന്റെ  നിർമ്മാണ പ്രവൃത്തി നടക്കുന്നു. അടിത്തട്ടിൽ നിന്നുള്ള മാറ്റമാണ് കായിക രംഗത്തിന് ആവശ്യം. ഇതിനായി ജില്ലാതല സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനത്തോടൊപ്പം പഞ്ചായത്ത് തല സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനവും നല്ല രീതിയിൽ നടത്തേണ്ടതുണ്ട്. മന്ത്രി പറഞ്ഞു.

2022-23 കാലയളവിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് അന്തർദേശീയ – ദേശീയ സംസ്ഥാനതല മത്സരങ്ങളിൽ മെഡൽ നേടിയതും പങ്കെടുത്തതുമായ 294 കായിക താരങ്ങളെയാണ് ചടങ്ങിൽ അനുമോദിച്ചത്. അന്തർദേശീയ വിഭാഗത്തിൽ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ സ്വർണമെഡൽ നേടിയ കെ വി നന്ദന, വെള്ളി നേടിയ അൽക രാഘവ്, സാഫ് ഗെയിംസ് ഫുട്ബോൾ മത്സരത്തിൽനിന്നും  ദേശിയ  കാമ്പിലേക്ക്  തെരെഞ്ഞെടുത്ത   ബി എൽ അഖില എന്നിവർ മന്ത്രിയിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ധ്യാൻചന്ദ് അവാർഡ് ജേതാവും സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്ഥിരം സമിതി അംഗവുമായ കെ സി ലേഖ, ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരവും സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്ഥിരം സമിതി അംഗവുമായ സി കെ വിനീത് എന്നിവരിൽ നിന്നും കായിക താരങ്ങൾ അനുമോദനം ഏറ്റുവാങ്ങി. കായിക മന്ത്രി, ജില്ലാ കലക്ടർ, കെ സി ലേഖ, സി കെ വിനീത്, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്ഥിരം സമിതി അംഗം വി കെ സനോജ് എന്നിവർക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ ഉപഹാരം നൽകി.
സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു.  ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ കെ പവിത്രൻ മാസ്റ്റർ, എക്സിക്യൂട്ടീവ് മെമ്പർ ഡോ. പി പി ബിനീഷ്, സെക്രട്ടറി ഷിനിത്ത് പാട്യം, ജില്ലാ സ്പോർട്സ് ഓഫീസർ  എം എ നിക്കോളാസ് തുടങ്ങിയവർ പങ്കെടുത്തു.