ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലു പ്രതികളേയും തൂക്കിലേറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് തിഹാര്‍ ജയിലില്‍ പ്രത്യേകം തയാറാക്കിയ സെല്ലിലാണ് മുകേഷ് സിംഗ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന് ഗുപ്ത എന്നിവരുടെ വധശിക്ഷ ഒരുമിച്ച് നടപ്പിലാക്കിയത്. പുലര്‍ച്ചെ തന്നെ പ്രതികള്‍ക്ക് പുതിയ വസ്ത്രങ്ങളും കഴിക്കാന്‍ ഭക്ഷണവും നല്കി. ആരാച്ചാര്‍ പവന് ജല്ലാഡ് ആണ് തൂക്കുകയര്‍ ഒരുക്കിയത്. മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തിലായിരുന്നു നടപടിക്രമങ്ങള്‍.
തൂക്കിലേറ്റുന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അവ്യക്തതകള്‍ തുടര്‍ന്നിരുന്നുവെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നു ജസ്റ്റീസ് ഭാനുമതി അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ച് പ്രതികളെ തൂക്കിലേറ്റാന്‍ തടസങ്ങളൊന്നുമില്ലെന്ന് വിധിക്കുകയായിരുന്നു. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് കുറ്റവാളികളുടെ അഭിഭാഷകന് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. പ്രതി പവന് ഗുപ്തയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അഭിഭാഷകന് എ.പി. സിംഗ് സുപ്രീം കോടതിയില്‍ വാദിച്ചു. എന്നാല്‍, ഈ വാദങ്ങള്‍ നേരത്തേ ഉന്നയിച്ചതല്ലേയെന്നും പുതിയതായി എന്താണ് പറയാനുള്ളതെന്നും ജസ്റ്റീസ് അശോക് ഭൂഷണ് ചോദിച്ചു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതില്‍ മാത്രം വാദം ഉന്നയിച്ചാല്‍ മതിയെന്ന് ജസ്റ്റീസ് ഭാനുമതിയും വ്യക്തമാക്കി.