ന്യൂഡല്‍ഹി: ആഗോള ജനതയുടെ ആശങ്കയേറ്റി കോവിഡ്- 19 വ്യാപിക്കുന്നതിനിടെ അടച്ചുപൂട്ടല്‍ സംബന്ധിച്ച് നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിര കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴിയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. വൈറസ് ബാധ പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നു. ജനങ്ങള്‍ ഈ ആഹ്വാനം ഏറ്റെടുക്കുകയും ചില സംസ്ഥാനങ്ങള്‍ രാത്രി ഒന്പതിനു ശേഷവും കര്‍ഫ്യൂ നീട്ടുകയും ചെയ്തിരുന്നു.
അതേസമയം, ഇതിനു പിന്നാലെ തിങ്കളാഴ്ച രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ കൂട്ടമായി നിരത്തിലിറങ്ങുകയും നിരവധി വാഹനങ്ങള്‍ ഓടുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് കേന്ദ്രം ഇത്തരത്തിര്‍ നിര്‍ദേശം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 82 ജില്ലകള്‍ അടച്ചിടണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.