നിപ ഭീഷണി ഒഴിഞ്ഞിട്ടില്ല, രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാകില്ല, സമ്പർക്കപ്പട്ടിക ഉയർന്നേക്കാം: മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിൽ നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിപ പ്രധാന പ്രശ്നമാണ്. വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. നിപയെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജമാണ്. മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുന്നു. കോഴിക്കോട്ടും കണ്ണൂർ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുൻകരുതലുകളെടുത്തിട്ടുണ്ടെന്നും ഏഴ് മാസത്തെ ഇടവേളക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.
കേരളപ്പിറവി ദിനത്തിൽ കേരളീയം പരിപാടി
കേരളപ്പിറവി ദിനത്തിൽ കേരളീയം എന്ന പേരിൽ ഒരാഴ്ച നീളുന്ന ആഘോഷം കേരള സർക്കാർ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് കവടിയാർ മുതൽ കിഴക്കേകോട്ട വരെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. കേരളം കൈവരിച്ച നേട്ടങ്ങൾക്കൊപ്പം ഭാവി കേരളത്തിന് എന്ത് വേണമെന്ന ചർച്ചയും നടത്തും. പത്തോളം പ്രദർശനങ്ങളും 25 ഓളം അന്താരാഷ്ട്ര സെമിനാറുകളും സംഘടിപ്പിക്കും. നഗരം മുഴുവൻ ദീപൈലംകൃതമാക്കും. നിയമസഭയിൽ പുസ്തകോത്സവം സംഘടിപ്പിക്കും. ടൂറിസം കൂടി ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുക.
ഭൂപതിവ് ഭേദഗതി നടപ്പാക്കി
2021 ലെ എൽഡിഎഫ് പ്രകടന പത്രികയിലെ ഉറപ്പായിരുന്ന ഭൂപതിവ് ഭേദഗതി നടപ്പാക്കി. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉറപ്പാക്കും. ഇതോടെ ആറ് പതിറ്റാണ്ടിലേറെയായ ഭൂ പ്രശ്നങ്ങൾക്ക് പരിഹാരം ആകും. മലയോര മേഖലയിലെ പ്രശ്നം ഭൂമിയുടെ അവകാശത്തിന്റെ പ്രശ്നമായി തന്നെയാണ് സർക്കാർ കണ്ടത്. ഇടുക്കിയിലെ മാത്രമല്ല കേരളത്തിലെ ആകെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാണിത്.