ഇത് നീതിയല്ല, പ്രതികാരം; നിര്‍ഭയ പ്രതികളെ തൂക്കികൊല്ലുന്നതിനെതിരെ ജസ്റ്റീസ് കുര്യന് ജോസഫ്
ന്യൂഡല്‍ഹി: നിര്‍ഭയ പ്രതികളെ തൂക്കികൊല്ലുന്നതോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കുമോ? മുന്‍ സുപ്രീംകോടതി ജഡ്ജിയും മലയാളിയുമായ ജസ്റ്റീസ് കുര്യന് ജോസഫിന്റേതാണ് ചോദ്യം. നിര്‍ഭയ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിലൂടെ ഇരയുടെ മാതാപിതാക്കള്‍ക്ക് നീതി നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ ആളുകളെ തൂക്കിക്കൊല്ലുന്നതിലൂടെ, ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കുമോ? അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ വധശിക്ഷ നല്‍കാമെന്ന് ബച്ചന് സിംഗ് കേസില്‍ സുപ്രീംകോടതി പറഞ്ഞിരുന്നു. അതും മറ്റെല്ലാ സാധ്യതകളും സംശയാസ്പദമായി അടയുമ്ബോള്‍ മാത്രമാണ്-എഎന്‍ഐക്കു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ജീവപര്യന്തം ആളുകളെ ജയിലിലേക്ക് അയച്ചാല്‍, ഇത്തരം കുറ്റകൃത്യങ്ങളുടെ വിധി ഇതായിരിക്കുമെന്ന് സമൂഹത്തോട് പറയാന്‍ കഴിയും. എന്നാല്‍ വധശിക്ഷ നടപ്പാക്കിയാല്‍ കുറ്റകൃത്യം ആളുകള്‍ മറക്കും.
നാല് പ്രതികളെയും തൂക്കിക്കൊല്ലുന്നതിലൂടെ നിര്‍ഭയയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ല. കണ്ണിന് കണ്ണ് എന്ന നില ലോകത്തെ അന്ധനാക്കുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. അതിനാല്‍ ക്രിമിനല്‍ നീതിന്യായ നടപടികള്‍ പ്രതികാരമാകാന്‍ പാടില്ല.
ഞാന്‍ നിങ്ങളുടെ ജീവനെടുത്താല്‍ അതിനര്‍ഥം നിങ്ങള്‍ എന്റേത് എടുക്കും എന്നാണോ? ഇത് നീതിയല്ല. പ്രതികാരവും ന്യായവിധിയും രണ്ട് വ്യത്യസ്ത ആശയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷയുടെ ലക്ഷ്യം എന്നത് ന്യായവിധി, പശ്ചാത്താപം, നവീകരണം എന്നിവയാണ്. പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുമ്ബോള്‍ കോടതി ഏതെങ്കിലും ഒരുകാര്യം വിട്ടുപോയെങ്കില്‍ അതും കണക്കിലെടുക്കേണ്ടത് രാഷ്ട്രപതിയുടേയും സര്‍ക്കാരിന്റെയും കടമയാണെന്നും കുര്യന് ജോസഫ് കൂട്ടിച്ചേര്‍ത്തു.