സൗദിയില്‍ 21 ദിവസത്തേക്ക് നിരോധനാജ്ഞ; ഉത്തരവ് ലംഘിച്ചാല്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നടപടിയുണ്ടാകുമെന്ന് സല്‍മാന്‍ രാജാവ്

0 533

സൗദിയില്‍ 21 ദിവസത്തേക്ക് നിരോധനാജ്ഞ; ഉത്തരവ് ലംഘിച്ചാല്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നടപടിയുണ്ടാകുമെന്ന് സല്‍മാന്‍ രാജാവ്

റിയാദ്: ( 23.03.2020) കര്‍ശന നിയന്ത്രണവുമായി സൗദി രാജാവ്. രാജ്യത്ത് രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ ദിവസവും വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ പ്രഖ്യാപിച്ച കര്‍ഫ്യു അടുത്ത 21 ദിവസത്തേക്ക് ബാധകമായിരിക്കും. ഈ സമയ പരിധിയില്‍ അവശ്യ സര്‍വീസ് ഒഴികെ മുഴുവന്‍ സ്ഥാപനങ്ങളും അടക്കേണ്ടി വരും. ആളുകള്‍ക്കും പുറത്തിറങ്ങുന്നതിന് ഉത്തരവ് വിലക്കേര്‍പ്പെടുത്തുന്നു. വ്യക്തികളുടെ വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാന്‍ ഈ സമയത്ത് നിയന്ത്രണമുണ്ടാകും.

എന്നാല്‍ ആരോഗ്യ മേഖല, സുരക്ഷാ വിഭാഗം, സൈന്യം, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് കര്‍ഫ്യൂവില്‍ ഇളവുണ്ട്. കോവിഡ് 19 പടരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സല്‍മാന്‍ രാജാവിന്റെ ഉത്തരവില്‍ പറയുന്നു. കര്‍ഫ്യൂ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാ വിഭാഗം പരിശോധനക്കുണ്ടാകും.

രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞതിന് പിന്നാലെയാണ് കര്‍ഫ്യൂ. ഇന്നലെ (2020 മാര്‍ച്ച്‌ 22ന്) മാത്രം സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊറോണ വൈറസ് അസുഖം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 511 ആയി. പരമാവധി പുറത്തിറങ്ങരുതെന്ന് മന്ത്രാലയം ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ മക്കയിലാണ്. റിയാദില്‍ 34 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഖതീഫില്‍ 4, അല്‍ അഹ്‌സയില്‍ 3, ഖോബാറില്‍ 3, ദഹ്‌റാനിലും ഖസീമിലും ഓരോന്ന് വീതവും ഇന്ന് സ്ഥിരീകരിച്ചു.

അസുഖം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് ബാധിച്ചതെന്ന് കണ്ടെത്തി. റിയാദിലും മക്കയിലും ഇതുണ്ടായി. ഇതിനാല്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങരുതെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. ഇന്ന് ഒരാള്‍കൂടി അസുഖ മോചിതനായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 17 ആയി. മക്കയില്‍ 72 പേര്‍ ഹോട്ടലില്‍ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

പുതിയ കേസുകള്‍ കൂടി വന്നതോടെ റിയാദില്‍ ആകെ അസുഖ ബാധിതരുടെ എണ്ണം 200 ആയി. മക്കയില്‍ 143 ഉം കിഴക്കന്‍ പ്രവിശ്യയിലാകെ 119 പേര്‍ക്കും ജിദ്ദയില്‍ 43 പേര്‍ക്കും അസുഖം സ്ഥിരീകരിച്ചു. അസീറില്‍ മൂന്നും ജസാനില്‍ രണ്ടും പേര്‍ ചികിത്സയിലാണ്. അബഹ, മദീന, തബൂക്ക് എന്നിവിടങ്ങിലും ഓരോരുത്തര്‍ വീതമുണ്ട്. ഖസീമിലും ഇന്ന് അസുഖം സ്ഥിരീകരിച്ചു. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തിലാണ്. മക്കയില്‍ 72 തുര്‍ക്കി സ്വദേശികള്‍ പ്രത്യേക നിരീക്ഷണത്തിലാണ്.

Get real time updates directly on you device, subscribe now.