നിയമം കര്‍ശനമാണ്, പാലിക്കില്ല; പിന്നിലിരിക്കുന്നവര്‍ മാത്രമല്ല ഓടിക്കുന്നര്‍ക്കും ഹെല്‍മറ്റില്ല

0 130

 

 

ഹെല്‍മെറ്റ് വെക്കണമെന്ന നിയമം കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയിട്ടും ഇരുചക്രവാഹനയാത്രികരും പിന്‍സീറ്റിലിരിക്കുന്നവരും ഇപ്പോഴും ഹെല്‍മെറ്റ് വെക്കാന്‍ മടിക്കുന്നു. സംസ്ഥാനത്ത് രണ്ടു മാസം മുന്‍പാണ് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക്, സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത്.

പരിശോധന കര്‍ശനമാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ വാഹനത്തിലുണ്ടെങ്കില്‍ ഉടമയില്‍നിന്ന് 500 രൂപയാണ് പിഴ ഈടാക്കുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 1000 രൂപയാവും. നിയമലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.

ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരേ പിഴ ഈടാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ക്ക് നിര്‍ദേശം നല്‍കിയതുമാണ്. നിയമലംഘനങ്ങള്‍ തടയാന്‍ 85 സ്‌ക്വാഡുകളാണ് സംസ്ഥാനത്തുള്ളത്. കുട്ടികളുള്‍പ്പെടെ ബൈക്കിലെ രണ്ടാം യാത്രക്കാരും ഹെല്‍മെറ്റ് നിര്‍ബന്ധമായി ധരിക്കണമെന്നാണ് വ്യവസ്ഥ. പലരും കുട്ടികളടക്കമുള്ളവര്‍ക്ക് ഹെല്‍മെറ്റ് വാങ്ങിയിട്ടുണ്ടെങ്കിലും അതു കൈയിലോ വണ്ടിയിലോ തൂക്കിയിട്ടു പോകുന്നതു കാണാം.

ചെക്കിങ്ങുണ്ടേ, വഴിമാറിക്കോ

നിയമം ലംഘിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ സജീവമാണെന്ന് എറണാകുളം ആര്‍.ടി.ഒ. കെ. മനോജ്കുമാര്‍ പറഞ്ഞു. പരിശോധനയുടെ സമയത്ത് റോഡില്‍ അത്രയധികം ആളുകളെ ഹെല്‍മെറ്റില്ലാതെ കാണാന്‍ കഴിയില്ല. യൂണിഫോമിലുള്ളവരെ കണ്ടുകഴിഞ്ഞാല്‍ ആളുകള്‍ വാട്‌സാപ്പ് ഗ്രൂപ്പിലിടുന്നതും പതിവാകുന്നുവെന്നും അദ്ദേഹം പറയുന്നു.

പരിശോധനയുണ്ട് ഇതുവഴി വരരുത്, ഹെല്‍മെറ്റിട്ടോ എന്നുള്ള തരത്തിലാണ് മെസേജുകള്‍ പോകുന്നത്. റോഡില്‍ പരിശോധനയ്ക്കിറങ്ങി അഞ്ചുമിനിറ്റിനുള്ളില്‍ എട്ടുപേരെയെങ്കിലും ഹെല്‍മെറ്റില്ലാതെ പിടിക്കാറുണ്ട്. പക്ഷെ പിന്നീട് ആരേയും കാണില്ല. കാരണം നിയമലംഘിക്കാനുള്ള ആളുകള്‍ക്കുള്ള വ്യഗ്രതയാണ്.

സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ക്കും ഹെല്‍മെറ്റ് കാണാം. പക്ഷെ അവധി ദിവസങ്ങളില്‍ ആരും അനുസരിക്കാത്ത കാഴ്ചയാണ്. പരിശോധനയില്ലാത്ത റോഡുകളിലാണ് ഇത്തരത്തില്‍ ആളുകളെ കാണുക. എരൂര്‍ റോഡ് വഴി പടമുകളിലേക്ക് വരുന്ന റൂട്ടില്‍ ഹെല്‍മെറ്റില്ലാത്തവരുടെ എണ്ണം വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

പരിശോധനയ്ക്ക് ആളെത്തിയാല്‍ ആരേയും കാണില്ല. ഇത്രയധികം വാഹനപ്പെരുപ്പമുള്ള നഗരത്തില്‍ എല്ലായിടത്തും പരിശോധന ഒരുപോലെ നടത്തുക അസാധ്യമാണ്- അദ്ദേഹം പറഞ്ഞു.

ഒളിഞ്ഞു നില്‍ക്കണം

ഹെല്‍മെറ്റ് വെക്കാത്തവരെ പിടിക്കാന്‍ ഒളിഞ്ഞുനില്‍ക്കേണ്ടി വരുന്ന സ്ഥിതിയാണെന്ന് അധികൃതര്‍. മഫ്ടിയിലും റോഡില്‍ നിന്നു മാറി നിന്നും ഒക്കെയാണ് നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നത്. എന്നാല്‍ എല്ലാസമയത്തും അത്തരത്തില്‍ ജോലി ചെയ്യുക അസാധ്യമാണ്. ഒളിഞ്ഞു നിന്നെടുത്ത വീഡിയോ വഴി ഹെല്‍മെറ്റിടാത്തവരെ കണ്ടെത്തിയെന്നും അവര്‍ പറഞ്ഞു. ആളുകള്‍ക്ക് സ്വയംസുരക്ഷയെക്കുറിച്ച്‌ ബോധ്യമുണ്ടാകുക മാത്രമാണ് ഇതിനുള്ള പരിഹാരം.