നമ്പർ 18 ഹോട്ടൽ പോക്സോ കേസ്; പരാതിക്കാരിയുടെ പേരും സ്ഥലവും വെളിപ്പെടുത്തിയ അഞ്ജലിക്കെതിരെ പൊലീസ് അന്വേഷണം

0 910

കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള അഞ്ജലി റീമദേവിനെതിരെ പൊലീസ് അന്വേഷണം. സംഭവത്തിൽ ഇരയുടെ പരാതി കിട്ടിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അഞ്ജലി റീമ ദേവ് പേര് വിവരങ്ങൾ വെളിപ്പെടുത്തി എന്നാണ് പരാതി. സംഭവം അന്വേഷിക്കാൻ സൈബർ സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ നടപടി ഉണ്ടാകും. അഞ്ജലിയ്ക്കെതിരെ കോഴിക്കോട് ജില്ലയിൽ കേസുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്മീഷണർ എ വി ജോർജ്ജ് പ്രതികരിച്ചു.

പ്രായപൂർത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അഞ്ജലി നടത്തിയ ആക്ഷേപം.എന്നാൽ അഞ്ജലി മയക്ക് മരുന്ന് ഇടപാടിലെ കണ്ണിയാണെന്നും വിവരങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരിയും വെളിപ്പെടുത്തി.

ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. മോഡലുകളുടെ അപകടമരണ കേസിന് ശേഷം ചിലർ തന്നെ പ്രത്യേക ലക്ഷ്യത്തോടെ കേസുകളിൽ കുടുക്കാൻ ശ്രമിക്കുകയാണ്. അതിൻറെ ഭാഗമായിട്ടാണ് പുതിയ കേസെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനും ഇതിനു പിന്നിൽ ഉണ്ടെന്നു ഹർജിയിൽ പറയുന്നു. 2021 ഒക്ടോബർ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നന്പർ 18 ഹോട്ടലിൽ വെച്ചാണ് ലൈംഗികതിക്രമം ഉണ്ടായതെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാർ.