ചെറാട് മലയിൽ കയറിയ രാധകൃഷ്ണനെതിരെ കേസ് എടുക്കില്ല

430

ചെറാട് മലയിൽ കയറിയ രാധകൃഷ്ണനെതിരെ കേസ് എടുക്കില്ല.ഇന്നലെ രാത്രിയാണ് ആനക്കല്ല് സ്വദേശി രാധാകൃഷ്ണൻ വനത്തിനുള്ളിൽ കയറിയത്.വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് രാധാകൃഷ്ണനെ തിരിച്ചിറക്കിയത്. ആദിവാസികൾക്ക് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറാമെന്ന് വനം വകുപ്പ് അറിയിച്ചു. അതേസമയം, ബാബുവിനെതിരെ കേസ് എടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുർമ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകൾ കയറിയതായി സംശയം ബലപ്പെട്ടത്. മലയുടെ മുകൾ ഭാഗത്ത് നിന്ന് ഫ്ളാഷ് ലൈറ്റുകൾ തെളിഞ്ഞിരുന്നു. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ തുടങ്ങി. പ്രദേശവാസികളാണ് ഇക്കാര്യം അധികൃതരെ വിളിച്ച് അറിയിക്കുന്നത്.പ്രദേശവാസി തന്നെയായ രാധാകൃഷണൻ എന്തെങ്കിലും ആവശ്യത്തിനായി പോയി തിരിച്ചുവരുന്നതിനിടെ വഴി തെറ്റിയതാകാമെന്നാണ് പ്രാഥമിക വിവരം.

ഇതേ മലയുടെ മുകളിൽ കുടുങ്ങിയ ബാബുവിനെ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. രണ്ടു ദിവസത്തോളമാണ് ബാബു മലയിടുക്കിൽ കുടുങ്ങിയത്. സുഹൃത്തുക്കൾക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.