നിലവില്‍ ആരോഗ്യനിലയില്‍ പ്രശ്‍നമൊന്നുമില്ല; ടൊവിനൊയുടെ ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ച് മെഡിക്കല്‍ ബുള്ളറ്റിൻ
നിലവില്‍ ആരോഗ്യനിലയില്‍ പ്രശ്‍നമൊന്നുമില്ല; ടൊവിനൊയുടെ ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ച് മെഡിക്കല്‍ ബുള്ളറ്റിൻ
മലയാളത്തിന്റെ പ്രിയ നടൻ ടൊവിനൊ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനൊയ്‍ക്ക് പരുക്കേറ്റത്. ആന്തരിക രക്ത സ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിച്ചിരുന്നുവെന്നും വാര്‍ത്ത വന്നു. ടൊവിനൊയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തുവിട്ടു. ആശങ്കപ്പെടാനൊന്നുമില്ല എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. 48 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടരുമെന്നും പറയുന്നു.
ടൊവിനൊയെ കഴിഞ്ഞ ദിവസം 11.15ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ ടൊവിനൊയ്‍ക്ക് സിടി ആഞ്ചിയോഗ്രാം ഉടൻ ചെയ്‍തു. രക്തം കട്ടപിടിച്ചിരിക്കുന്നതായി മനസിലാക്കി. അന്നേരം രക്തസ്രാവമുണ്ടായിരുന്നില്ല, 48 മണിക്കൂര്‍ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റി. ബ്ലഡ് കൗണ്ട് മാറിക്കൊണ്ടിരിക്കുന്നതിനാല്‍ അതിനാവശ്യമായ മരുന്നുകള്‍ നല്‍കി. കഴിഞ്ഞ 24 മണിക്കൂറായി അദ്ദേഹത്തിന്റെ ആരോഗ്യനില സുരക്ഷിതമാണ്. വീണ്ടും ബ്ലീഡിംഗ് ഉണ്ടാകാനുള്ള സാധ്യതയോ ലക്ഷണമോ ഇല്ല. 48 മണിക്കൂറിന് ശേഷം വീണ്ടും സിടി ആഞ്ജിയോഗ്രാം എടുക്കും. അതുവരെ ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരും. അദ്ദേഹത്തിന്റെ അവസ്ഥയില്‍ എന്തെങ്കിലും പ്രശ്‍നമുണ്ടെങ്കില്‍ ലാപറോസ്‌കോപിക് (laparoscopic) ചെയ്യും. നിലവില്‍ ആരോഗ്യനിലയില്‍ പ്രശ്‍നമൊന്നുമില്ല എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.
പിറവത്തെ സെറ്റിൽ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. അവിടെ വച്ച് വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇതേത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
രോഹിത് വി എസ് ആണ് കള എന്ന ചിത്രത്തിന്‍റെ സംവിധായകൻ. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് രോഹിത് വി എസ്.