ഇനി പശുക്കളും ‘ആപ്പില്‍’; വരുന്നു മില്‍മയുടെ ‘കൗ ബസാര്‍’

ഇനി പശുക്കളും 'ആപ്പില്‍'; വരുന്നു മില്‍മയുടെ 'കൗ ബസാര്‍'

0 131

ഇനി പശുക്കളും ‘ആപ്പില്‍’; വരുന്നു മില്‍മയുടെ ‘കൗ ബസാര്‍’

 

തിരുവനന്തപുരം: കറവപ്പശുക്കളെയും കിടാരികളെയും വാങ്ങാലും വില്‍ക്കലുമൊക്കെ ഇനി എളുപ്പമാകും. ഇനി അതിനായി ഓടി നടക്കേണ്ടെന്ന് ചുരുക്കം. ഇവയുടെ ഫോട്ടോ ഫോണില്‍ കണ്ടു വാങ്ങാനും വില്‍ക്കാനും സഹായിക്കുന്ന ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ രംഗത്ത്. ‘മില്‍മ കൗ ബസാര്‍’ എന്നു പേരിട്ടിരിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍ ആപ്ലിക്കേഷന്‍ ഉടന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകും.

പശുവിന്റെ ഇനം, പ്രായം, എത്രാമത്തെ കറവ, പാലിന്റെ അളവ്, വില തുടങ്ങി നിറം വരെയുള്ള വിവരങ്ങള്‍ ഫോണില്‍ കണ്ടു മനസിലാക്കാം. ചിത്രങ്ങളും കാണാം. ഇഷ്ടപ്പെട്ടാല്‍ നേരിട്ടെത്തി കച്ചവടം ഉറപ്പിക്കാം. വിശദാംശങ്ങള്‍ കാണാമെങ്കിലും വിവരങ്ങള്‍ അപ്‍ലോഡ് ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കില്ല.
തൊട്ടടുത്ത പ്രാഥമിക ക്ഷീര സംഘം സെക്രട്ടറിമാര്‍ക്കാണ് ഇതിന്റെ ചുമതല. തെറ്റായ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്ത് ആപ്ലിക്കേഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താതിരിക്കാനാണ് ഈ മുന്‍കരുതല്‍. സ്വന്തമായി ഫോണില്ലാത്തവര്‍ക്ക് ക്ഷീര സംഘത്തിലെ ഫോണ്‍ വഴിയും സേവനം ഉപയോഗപ്പെടുത്താം.

മികച്ച ഇനം പശുക്കളെ കണ്ടെത്താനും ഇടനിലക്കാരെ ഒഴിവാക്കാനും സഹായിക്കുകയാണ് ലക്ഷ്യമെന്നു മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു. തുടക്കത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണു സേവനം ലഭ്യമാകുക. ക്രമേണ കേരളം മുഴുവന്‍ വ്യാപിപ്പിക്കും.