പുത്തന്‍ പ്രതീക്ഷ; 48 മണിക്കൂറിനിടെ വുഹാനില്‍ കോവിഡ് കേസുകളില്ല
ജനീവ: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപിക്കുന്പോള്‍ ചൈനയില്‍നിന്നും ആശ്വാസ വാര്‍ത്ത. കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരോഗ്യമേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ് ചൈനയില്‍നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍.
ഡിസംബറില്‍ ചൈനയില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തശേഷം ഇത് ആദ്യമായാണ് വുഹാനില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്തത്. ചൈനയില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമായതിന്റെ സൂചനകളാണിത്. വെള്ളിയാഴ്ച 39 പുതിയ കൊറോണ കേസുകള്‍ മാത്രമാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പേരാണ് 24 മണിക്കൂറിനിടെ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഇതില്‍ രണ്ട് പേര് വുഹാന്‍ ഉള്‍പ്പെടുന്ന ഹുബയി പ്രവിശ്യയില്‍നിന്നുള്ളവരാണ്. നേരത്തെ നൂറുകണിക്കിന് ആളുകളാണ് ചൈനയില്‍ ദിനംപ്രതി മരിച്ചിരുന്നത്.
80,967 പേര്‍ക്ക് ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 71,150 പേര് രോഗവിമുക്തി നേടി. 3,248 പേര് മരണത്തിനു കീഴടങ്ങി. നിലവില്‍ 6,569 പേര് ചികിത്സയിലുണ്ട്.