രഞ്ജി ട്രോഫിക്കില്ല: സൗരവ് ഗാംഗുലിയുടെ നിർദേശം തള്ളി ഹാർദിക് പാണ്ഡ്യ

0 399

രഞ്ജി ട്രോഫിക്കില്ല: സൗരവ് ഗാംഗുലിയുടെ നിർദേശം തള്ളി ഹാർദിക് പാണ്ഡ്യ

ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവിനായി രഞ്ജി ട്രോഫി കളിക്കണം എന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ നിര്‍ദേശം അവഗണിച്ച് ഹര്‍ദിക് പാണ്ഡ്യ. രഞ്ജി ട്രോഫിക്കായുള്ള 20 അംഗ സംഘത്തെ ബറോഡ പ്രഖ്യാപിച്ചപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയുടെ പേര് ടീമില്‍ ഇല്ല.

അതേസമയം സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യ ടീമിലുണ്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹാര്‍ദിക് രഞ്ജി ട്രോഫി കളിക്കണം എന്ന നിര്‍ദേശം ഗാംഗുലി മുന്നോട്ടുവെച്ചത്.

നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ് ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ ക്യാപ്റ്റനായും ഹര്‍ദിക്കിനെ തെരഞ്ഞെടുത്തിരുന്നു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ദിക് രഞ്ജി ട്രോഫി കളിക്കണം എന്ന നിര്‍ദേശം ഗാംഗുലി മുന്‍പോട്ട് വെച്ചിരുന്നത്.

രഞ്ജി ട്രോഫി കളിച്ച് ഹര്‍ദിക് തുടങ്ങുന്നത് കാണാനാവും എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. കൂടുതല്‍ ഓവറുകള്‍ ഹര്‍ദിക് എറിയുമെന്നും അതിലൂടെ ഹര്‍ദിക്കിന്റെ ഫിറ്റ്ന്സ് വീണ്ടെടുക്കാനാവുമെന്ന് കരുതുന്നതായും ഗാംഗുലി വ്യക്തമാക്കിയിരുന്നു. 2021 ടി20 ലോകകപ്പ് മുതല്‍ പരിക്കിന്റെ പിടിയിലായ ഹാര്‍ദിക് കുറച്ചു കാലമായി ടീമിന് പുറത്താണ്. ഓള്‍റൗണ്ടറായ താരം ബൗള്‍ ചെയ്യാത്തതിനേയും ആരാധകര്‍ വിമര്‍ശിച്ചിരുന്നു.

2022 ലെ രഞ്ജി ട്രോഫി ടൂർണമെന്റ് രണ്ട് ഘട്ടങ്ങളായാണ് കളിക്കുന്നത്. ആദ്യ ഘട്ടം വ്യാഴാഴ്ച മുതൽ മാർച്ച് 15 വരെയും രണ്ടാം ഘട്ടം മെയ് 30 മുതൽ ജൂൺ 26 വരെയും നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ നീട്ടിയ മത്സരമാണ് അടുത്ത വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നത്.