ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് സമയനിയന്ത്രണം ഇല്ല

0 968

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ഡൗണ്‍ കര്‍ശനമായി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഏപ്രില്‍ 20 മുതല്‍ അടിസ്ഥാന മേഖലകള്‍ക്ക് കേന്ദ്രം ചില ഇളവുകള്‍ പ്രഖ്യാപിച്ചു. ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് സമയനിയന്ത്രണം ഇല്ല. റേഷന്‍ കടകള്‍, പഴം-പച്ചക്കറി, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, മത്സ്യ-മാംസം, ശുചിത്വ വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവയ്ക്ക് ഉള്‍പ്പെടെ സമയനിയന്ത്രണമില്ലാതെ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്കും ആര്‍ബിഐ അനുമതിയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും സാധാരണ പ്രവൃത്തിസമയത്തേക്കു മടങ്ങാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.
ജനങ്ങളുടെ ദൈനംദിന ജീവതത്തെയും അടിസ്ഥാന ആവശ്യങ്ങളെയും ബാധിക്കുന്ന മേഖലകളില്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകില്ല. കാര്‍ഷിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. കാര്‍ഷിക ചന്തകള്‍ക്കും പ്രവര്‍ത്തിക്കാം. റബര്‍, തേയില, കശുവണ്ടി തോട്ടങ്ങള്‍ക്കും ഇവയുടെ സംസ്‌കരണ കേന്ദ്രങ്ങള്‍ക്കും അമ്ബത് ശതമാനം തൊഴിലാളികളോടെ പ്രവര്‍ത്തിക്കാം

മെഡിക്കല്‍ ലാബുകള്‍, ഐടി സ്ഥാപനങ്ങള്‍ ശിശു, ഭിന്നശേഷി, വയോജന, വനിതാ കേന്ദ്രങ്ങള്‍ എന്നിവയ്ക്കും അമ്ബത് ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. ചരക്ക് ഗതാഗതം പൂര്‍ണമായും അനുവദിക്കും. പോസ്റ്റല്‍, കൊറിയര്‍ സര്‍വീസുകള്‍ക്കും ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കും ഇളവ് അനുവദിച്ചു. നഗരങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ ജോലിസ്ഥലത്ത് തൊഴിലാളികളെ ലഭ്യമാണെങ്കില്‍ തുടരാം. തൊഴിലുറപ്പു ജോലികളില്‍ ജലസേചനം, ജല സംരക്ഷണം എന്നിവയ്ക്ക് മുന്‍തൂക്കം. ആംബുലന്‍സുകള്‍, കൊയ്ത്ത് – മെതിയന്ത്രങ്ങള്‍ എന്നിവയ്ക്ക് സംസ്ഥാനന്തര യാത്രകള്‍ക്കും അനുമതി നല്‍കി.