മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് വൈകീട്ട് ആരംഭിക്കും

0 1,455

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് വൈകീട്ട് ആരംഭിക്കും. കേരളത്തിലേക്ക് തിരിച്ച് വരാനാഗ്രഹിക്കുന്നവർ www.registernorkaroots.org എന്ന വെബ്‌സൈറ്റിലൂടെ പേര് രജിസ്ട്രർ ചെയ്യണം. കേരളത്തിലെത്തുമ്പോൾ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിനാണ് ഇത്. പ്രവാസികളിലെന്ന പോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങാനാഗ്രഹിക്കുന്നവർക്കും ഇതിൽ മുൻഗണനയുണ്ട്.

ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്യുകയും തിയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, ജോലി നഷ്ടപ്പെട്ടവർ, തീർത്ഥാടനത്തിന് പോയവർ, കൃഷിപ്പണിക്ക് പോയവർ, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ, റിട്ടയർ ചെയ്തവർ എന്നിവർക്കാവും ആദ്യ പരിഗണന. അതേസമയം, പ്രവാസികൾക്കായുള്ള രജിസ്ട്രേഷനും തുടരുകയാണ്.

പ്രവാസി രജിസ്‌ട്രേഷൻ

വിദേശ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് നോർക്ക ഏർപ്പെടുത്തിയ രജിസ്‌ട്രേഷനിൽ 150ല്‍ പരം രാജ്യങ്ങളിൽ നിന്നായി ഇന്നലെ വൈകിട്ട് വരെ ചൊവ്വാഴ്ച വരെ ആകെ 2,76,700 പേർ രജിസ്റ്റർ ചെയ്തു.