ബിഗ് ബോസ് സീസണ്‍ 2ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ. ബഡായി ബംഗ്ലാവ് അടക്കമുള്ള ടെലിവിഷന്‍ ഷോകളിലൂടെയും മറ്റും പ്രേക്ഷകര്‍ക്ക് അതിനു മുന്‍പ് തന്നെ പരിചയമുണ്ടായിരുന്ന ആര്യക്ക് ബിഗ് ബോസ് കൈയടികള്‍ക്കൊപ്പം വിമര്‍ശകരെയും നേടിക്കൊടുത്തിരുന്നു. പുറമെ കാണുന്നത് പോലെ അത്ര ബോള്‍ഡല്ലെന്നും വിഷമങ്ങളും മിസ്സിംഗുമൊക്കെ വരുമ്പോള്‍ കരയാറുണ്ടെന്നും ആര്യ പറഞ്ഞിരുന്നു.
മുന്‍പ് ബിഗ് ബോസിനോട് വലിയ ഇഷ്ടം ഉണ്ടായിരുന്നെങ്കിലും അതിപ്പോള്‍ തനിക്ക് നഷ്ടപ്പെട്ടുവെന്നാണ് പുതിയ അഭിമുഖത്തില്‍ ആര്യ പറയുന്നത്. സല്‍മാന്‍ ഖാനെ പോലെ അവതാരകനായ മോഹന്‍ലാല്‍ മാറിയാല്‍ അദ്ദേഹത്തിന്റെ വീട് വരെ ആളുകള്‍ കത്തിച്ചേക്കുമെന്നാണ് നടി ചൂണ്ടി കാണിക്കുന്നത്. ‘പണ്ട് ബിഗ് ബോസിനോട് ഉണ്ടായിരുന്ന ഇഷ്ടമൊന്നും ഇപ്പോഴെനിക്കില്ല. അതിന്റെ കാരണം അറിയില്ല. മലയാളം ബിഗ് ബോസാണ് എന്റെ പ്രധാന വിഷയം. ആളുകള്‍ അതിനെ കാണുന്ന രീതിയാണ് പ്രശ്‌നം. എല്ലാവരും ഇതൊക്കെ വളരെ വ്യക്തിപരമായി എടുക്കുകയാണ്. പിന്നെ പുറത്ത് ഇത് വലിയൊരു ബിസിനസായി മാറി. ചാനലിനെയോ ഷോയെ കുറിച്ചോ അല്ല ഞാന്‍ പറയുന്നത്. എത്രയോ വര്‍ഷമായി ഇതിങ്ങനെ നടക്കുന്നുണ്ട്. പക്ഷേ ഇത് നല്ലൊരു മാര്‍ക്കറ്റായി നമ്മുടെ ആളുകള്‍ മാറ്റി.
പിആര്‍ വര്‍ക്കുകള്‍, യൂട്യൂബ് ചാനലുകള്‍ തുടങ്ങി വലിയൊരു മാര്‍ക്കറ്റായി ബിഗ് ബോസ് മാറി. ഷോയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക്, പോയാല്‍ തരംഗമായി മാറാന്‍ പറ്റുമെന്ന് അറിയാം. അതിന് എല്ലാം സെറ്റ് ചെയ്തിട്ടാണ് പോകുന്നത്. അങ്ങനെ പബ്ലിസിറ്റി നേടിയവര്‍ ഒരുപാടാണ്’. ഇക്കാരണങ്ങൾ കൊണ്ട് പുതിയ സീസൺ സമയമുണ്ടെങ്കിൽ കാണും. അതിനായി കാത്തിരിക്കുന്നില്ലെന്നും ആര്യ പറയുന്നു.
ബിഗ്‌ബോസ് കൊണ്ട് തനിക്ക് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായില്ലെന്ന് നേരത്തെ ആര്യ പറഞ്ഞിരുന്നു. ഷോയ്ക്ക് മുമ്പ് എങ്ങനെയായിരുന്നോ അത് തന്നെയാണിപ്പോഴും എന്നായിരുന്നു ആര്യയുടെ പ്രതികരണം.