രാജ്യാന്തര വിമാന സർവീസുകൾ ജൂൺ മധ്യത്തോടെ പുനഃരാരംഭിക്കാൻ ശ്രമം

0 236

രാജ്യാന്തര വിമാന സർവീസുകൾ ജൂൺ മധ്യത്തോടെ പുനഃരാരംഭിക്കാൻ ശ്രമം

ന്യൂഡൽഹി∙ നിലവിൽ നിർത്തിവച്ചിരിക്കുന്ന രാജ്യാന്തര വിമാന സർവീസുകൾ ജൂൺ മധ്യമോ ജൂലൈ അവസാനമോ പുനഃരാരംഭിക്കാൻ ശ്രമിക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. ആഭ്യന്തര വിമാന സർവീസുകൾ പുഃരാരംഭിക്കുന്നത് സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ ജനങ്ങളുമായി നടത്തിയ ആശയവിനിമയത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഴുവനായി പ്രവർത്തന യോഗ്യമാക്കാൻ കഴിയുമോ എന്ന് സാഹചര്യങ്ങൾ നോക്കി വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

‘സാഹചര്യം അനുകൂലമാകുകയാണെങ്കിൽ, വൈറസ് പ്രവചനാത്മക രീതിയിൽ പ്രതികരിക്കുകയാണെങ്കിൽ ജൂൺ മധ്യത്തിലോ ജൂലൈ അവസാനമോ എന്തുകൊണ്ട് വ്യോമയാന പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു കൂടാ എന്നാണ് ആലോചിക്കുന്നത്. സാഹചര്യം അനുസരിച്ച് അതിൽ മാറ്റമുണ്ടാകാം.’ അദ്ദേഹം പറഞ്ഞു.

ആരോഗ്യ സേതു ആ‌പ്പിൽ ഗ്രീൻ സ്റ്റാറ്റസ് കാണിക്കുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ഇതും സംബന്ധിച്ച് പ്രസ്താവന ഇറക്കിയിരുന്നു. തിങ്കളാഴ്ച വിമാനസർവീസുകൾ തുടങ്ങാനിരിക്കെ വ്യോമയാന പാതകളും യാത്രാ നിരക്കുകളുമാണ് അന്ന് ചർച്ചയായത്. വിമാന യാത്ര കഴിഞ്ഞെത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ പോകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നിർദേശം അനുസരിച്ച് കേരളം, കർണാടക, അസം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളിൽ ആഭ്യന്തര വിമാനത്തിൽ എത്തുന്നവർ ക്വാറന്റീനിൽ പോകാൻ അതത് സംസ്ഥാന സർക്കാരുകൾ നിർദേശം നൽകി.

രോഗതീവ്രതയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആഭ്യന്തര വിമാനങ്ങളിൽ എത്തുന്നവർ ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വീറന്റീനിലും ഓഴു ദിവസത്തെ ഹോം ക്വാറന്റീനിലും കഴിയണമെന്ന് കർണാടക ഇന്ന് ഉത്തരവിറക്കി. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.