കണ്ണൂർ ചെറുപുഴയിൽ ബസിൽ നഗ്നത പ്രദർശനം നടത്തിയ പ്രതി പൊലീസ് കസ്റ്റഡിയിൽ. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയോടെ പൊലീസ് പിടികൂടുകയായിരുന്നു. (bus sexual harassment custody)
ഈ മാസം 28ന് ചെറുപുഴ ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. മറ്റാരുമില്ലെന്ന് മനസിലാക്കിയാണ് പ്രതി ബസിൽ കയറിയതെന്നും, പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് താൻ ദൃശ്യങ്ങൾ പങ്കുവച്ചതെന്നും യുവതി പറഞ്ഞിരുന്നു. കേസ് നൽകിയിരുന്നില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
“ഞാൻ ബസിൽ ഇരിക്കുമ്പോൾ ഇയാൾ പുറത്ത് നിന്ന് നോക്കുന്നുണ്ടായിരുന്നു. ബസിൽ ആരുമില്ലെന്നു മനസിലായപ്പോൾ ഇയാൾ ഞാൻ ഇരുന്ന സീറ്റിന്റെ എതിർവശത്തു വന്നിരുന്നു. ഇയാൾ എന്നെ വല്ലാതെ നോക്കികൊണ്ട് എന്തോ ചെയ്യാൻ തുടങ്ങി. നോട്ടം ശരിയല്ലെന്ന് തോന്നിയപ്പോൾ മൊബൈൽ ഫോണിൽ വീഡിയോ പകർത്താൻ ആരംഭിച്ചു. ഞാൻ അയാളെ തിരിഞ്ഞു പോലും നോക്കിയിരുന്നില്ല” – യുവതി പറയുന്നു.
“വീഡിയോ കണ്ടപ്പോഴാണ് ഇയാളുടെ പ്രവർത്തി മനസിലായത്. ഈ പ്രവർത്തി കഴിഞ്ഞ് മോളെ എന്ന് വിളിച്ച് അടുത്ത് വന്നപ്പോൾ ഞാൻ അയാളോട് ചൂടായി. അപ്പോഴാണ് ഞാൻ വീഡിയോ എടുത്ത കാര്യം അയാൾ അറിയുന്നത്. ഇത് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ ബസിൽ നിന്ന് ഇറങ്ങി” – യുവതി തുടർന്നു.
തളിപ്പറമ്പിലേക്ക് അടുത്ത ട്രിപ്പ് പോകാനായി കാത്തുകിടന്ന ബസിലാണ് സംഭവം. ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാനായി പോയ സമയത്താണ് നഗ്നതാ പ്രദർശനം നടന്നത്. യുവതി മാത്രമാണ് ഈ സമയം ബസിലുണ്ടായിരുന്നത്. യുവതിയുടെ എതിർ ഭാഗത്തെ സീറ്റിൽ വന്നിരുന്ന മധ്യവയസ്കൻ യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചു വിടാനുള്ള ശ്രമം നടത്തി. തുടർന്നായിരുന്നു നഗ്നതാ പ്രദർശനവും മോശം പെരുമാറ്റവും. എതിർ സീറ്റിലിരുന്ന് ഇയാൾ നടത്തിയ പ്രവൃത്തിയുടെ ദൃശ്യങ്ങൾ യുവതി പകർത്തി. തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് യുവതി പിന്നീട് സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തൽ നടത്തുകയായിരുന്നു.