ഡ്യൂട്ടി കഴിഞ്ഞ് മാര്‍ച്ച് 21ന് ജയ പി സൈമണ്‍ അന്ന് നാട്ടിലേക്ക് പോകുമ്പോള്‍ എല്ലാം സാധാരണ പോലെയായിരുന്നു. എറണാകുളത്തെ കിഴക്കമ്പലത്താണ് വീട്. ആഴ്ചയിലൊരിക്കലാണ് വീട്ടില്‍ പോയിരുന്നത്. അവധി കഴിഞ്ഞ് തിരിച്ചു വന്നാല്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡിലാണ് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 22ന് ഞായറാഴ്ച രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എറണാകുളത്ത് നിന്ന് കണ്ണൂരില്‍ എങ്ങനെ ഡ്യൂട്ടിക്ക് എത്തുമെന്ന ആശങ്ക. ട്രെയിന്‍ ഗതാഗതം നിലച്ചിരുന്നു. അതിരാവിലെ തന്നെ എന്തും വരട്ടെയെന്ന് കരുതി പുറപ്പെട്ടു. എറണാകുളത്ത് നിന്ന് തലശ്ശേരി വരെ എത്തിയത് അഞ്ച് ബസ്സുകളില്‍ കയറിയിറങ്ങി. ഓരോയിടത്തും മണിക്കുറുകള്‍ നീളുന്ന കാത്തിരിപ്പും അനിശ്ചിതത്വവും. തലശ്ശേരിയില്‍ ജോലി ചെയ്യുന്ന സുഹൃത്തിന്റെ ഭര്‍ത്താവ് തലശ്ശേരിയില്‍ നിന്ന് കണ്ണൂരിലേക്ക് കാറില്‍ എത്തിച്ചു. അപ്പോഴേക്കും സമയം രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു. ജയക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നു അത്. അടുത്ത ദിവസം മുതല്‍ അതിലേറെ വെല്ലുവിളികള്‍ നിറഞ്ഞ കൊറോണ ഐസൊലേഷന്‍ വാര്‍ഡിലെ വിശ്രമമില്ലാത്ത ഡ്യൂട്ടിയും. രാത്രി ഹോസ്റ്റലിലെത്തുമ്പോള്‍ എല്ലാവരുടെയും മുഖത്ത് ആശങ്കകള്‍ മാത്രം. മരണവും ജീവിതവും തമ്മിലുള്ള മത്സരം. ജയ ആദ്യ ദിവസത്തെ നാളുകള്‍ ഓര്‍ത്തെടുത്തു. ദിവസവും വൈകുന്നേരം ആവാന്‍ ഞങ്ങള്‍ കാത്തിരിക്കും. എത്ര പേര്‍ കൊറോണ നെഗറ്റീവ് ആയെന്നറിയാന്‍. അത് നല്‍കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല.
സ്നേഹവും കരുതലും കൊണ്ട്് കര്‍മനിരതമായ 14 ദിവസങ്ങള്‍. അല്‍പം ആശങ്കയും ഭയപ്പാടുമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ ദിവസത്തോടെ തന്നെ ആത്മധൈര്യത്തോടെ നില്‍ക്കാനായി. സഹപ്രവര്‍ത്തകരായ നഴ്സുമാരും ഡോക്ടര്‍മാരും മറ്റ് ജീവനക്കാരുമെല്ലാം ഒറ്റ ടീമായാണ് പ്രവര്‍ത്തിച്ചത്. ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 14 ദിവസത്തെ ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ജയ അടക്കം 16 നഴ്സുമാര്‍ ഇപ്പോള്‍ കണ്ണൂരിലെ ഒരു ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. 14 ദിവസമാണ് നിരീക്ഷണ കാലയളവ്.
ഏഴു വയസ്സുകാരിയായ ഇളയമകളെ ഓര്‍ത്ത് വിഷമം തോന്നും. അമ്മ കൊറോണ വന്ന് മരിച്ച് പോകുമോ എന്നാണ് അവളുടെ പേടി. പക്ഷേ ഈ വിഷമങ്ങളും ബുദ്ധിമുട്ടുകളുമൊന്നും പ്രശ്നമായി തോന്നിയില്ല. ഒരാളെപ്പോലും മരണത്തിന് വിട്ടുകൊടുക്കില്ല എന്ന വാശിയിലായിരുന്നു ഞങ്ങള്‍. ക്ലീനിങ്ങ് സ്റ്റാഫ് മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ളവര്‍ ഒറ്റക്കെട്ടായി പൊരുതിയത് അതിനായിരുന്നു. രോഗികള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസവും കരുതലും തന്നെയായിരുന്നു അവരുടെ ഊര്‍ജം. ഞങ്ങള്‍ പറയുന്നത് അതേപടി അനുസരിക്കാന്‍ എല്ലാ രോഗികളും തയ്യാറായിരുന്നു. അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഭക്ഷണം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മക്കളെയും ഭര്‍ത്താവിനെയും പ്രിയപ്പെട്ടവരെയും പിരിഞ്ഞു വൈറസിനോട് പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പറയാന്‍ അനുഭവങ്ങള്‍ നിരവധിയുണ്ട്. വീട്ടില്‍ പോവണം എന്ന ആഗ്രഹമല്ല, കൊറോണ എന്ന മഹാമാരിയില്‍ നിന്ന് നാടിനെ സംരക്ഷിക്കണം എന്ന ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ ഈ മാലാഖമാര്‍ക്ക്.