ഏപ്രില്‍ 8 ന് കോട്ടയത്തേക്കൊരു കല്യാണം കൂടാന്‍ പ്ലാന്‍ ചെയ്തതാണ് കണ്ണൂര്‍ ജില്ല ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടര്‍മാരും .ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സും കോട്ടയം സ്വദേശിനിയുമായ സൗമ്യയുടെ വിവാഹം തീരുമാനിച്ചിരുന്നത് അന്നായിരുന്നു. കൊറോണ വരവറിയിച്ചതോടെ വിവാഹം ഏപ്രില്‍ 26ന് തൃക്കരിപ്പൂരിലേക്ക് മാറ്റി.. അതു പിന്നെയും മാറ്റി.. കൊറൊണ മാറുന്ന കാലത്തേക്ക്..ആ കാലം ഉടന്‍ ഉണ്ടാവുമെന്ന പ്രതീക്ഷയാണ് സൗമ്യക്കും കൂട്ടുകാര്‍ക്കും..
എന്‍ സൗമ്യയുടെ കല്യാണക്കാലം കൊറോണക്കാലത്തേക്ക് മാറിയത് വളരെ പെട്ടന്നായിരുന്നു. മാര്‍ച്ച് 23ന് കൊറൊണ പ്രത്യേക ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നത് മനസ്സില്‍ ഒരു പാട് ആധിയും ആശങ്കകളും കൊണ്ടായിരുന്നു.ഇപ്പോള്‍ രണ്ടാഴ്ചത്തെ ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കയാണ്.. കൊറോണ കാലത്തെ അനുഭവങ്ങളെല്ലാം കുറിച്ചു വയ്ക്കണം… അതെവിടുന്നു തുടങ്ങുമെന്നാണ് ആലോചിക്കുന്നത്.. സൗമ്യ മനസ്സു തുറന്നു… മുന്‍പരിചയമില്ലാത്ത കോവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനിറങ്ങുമ്പോ വിവാഹത്തെ മാറ്റി നിര്‍ത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.. സധൈര്യം മുന്നോട്ടു പോവൂ എന്ന കട്ട സപ്പോര്‍ട്ടുമായി ഭാവി വരന്‍ റെജി നരയനും കുടുംബവും കൂടെ തന്നെ നിന്നത് കൂടുതല്‍ കരുത്തായി. പി പി ഇ കിറ്റും അണിഞ്ഞു കോവിഡിനെതിരെയുള്ള പോരാട്ടം തുടങ്ങി.പിന്നീടങ്ങോട്ട് ആശങ്കപ്പെടാന്‍ പോലും നേരമുണ്ടായില്ല സൗമ്യക്കും കൂട്ടര്‍ക്കും..
ഐസോലേഷന്‍ വാര്‍ഡുകളിലെത്തുന്നവരില്‍ പലരും രോഗികളല്ല.. അവരുടെ മാനസികാവസ്ഥകളെ അറിഞ്ഞ് പെരുമാറുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഡ്യൂട്ടിയില്‍ കയറിയ ദിവസം വെളുപ്പിനു തന്നെ വിദേശത്തു നിന്നും വന്ന 3 പേര്‍ നേരെ എസോലേഷനില്‍ അഡ്മിറ്റായി. ഓരോരുത്തര്‍ക്കും ഓരോ പ്രശനങ്ങള്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മകളുടെ പിറന്നാളിനു സമ്മാനങ്ങളുമായി വരുന്ന അച്ഛന്‍.സ്വന്തം കുടുംബത്തെ കാണാനാകാതെ നേരെ ഐസോലേഷന്‍ വാര്‍ഡിലേക്ക്.. മറ്റൊരാള്‍ക്ക് 18 മണിക്കൂറായി ജലപാനം ചെയ്യാത്തതിന്റെ വിഷമങ്ങള്‍.. എല്ലാം കേള്‍ക്കാനും അവരെ അറിഞ് പെരുമാറാനും മനസ്സിനെ ഒരുപാടു പാകപ്പെടുത്തിയെന്നും സൗമ്യ പറയുന്നു
അഞ്ചും ആറും മണിക്കൂര്‍ തുടര്‍ച്ചയായി പി പി ഇ കിറ്റിനുള്ളില്‍ ചുടും അസ്വസ്ഥതകളും സഹിച്ച് വീടും വീട്ടുകാരും എന്ന ചിന്തകളെ മാറ്റി വച്ച് ഹൃദയം കൊണ്ട് പുഞ്ചിരി തൂകുക അത്ര എളുപ്പമല്ല.. മുഖം പോലും കാണാതെയുള്ള ആശ്വാസവാക്കുകള്‍ രോഗികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.. ആദ്യത്തെ ദേഷ്യവും വേവലാതികളും മാറ്റി വച്ച് ഓരോരുത്തരും സ്വന്തക്കാരായി മാറുകയായിരുന്നു. ഒന്നര മാസമായി കോട്ടയത്തെ സ്വന്തം വീട്ടിലേക്ക് പോയിട്ട്. ഐസോലേഷനില്‍ കഴിയുന്നവരും സഹപ്രവര്‍ത്തകരും ഇപ്പോള്‍ കുടുംബം പോലെയാണ്.ഇപ്പോള്‍ ലീവെടുക്കാന്‍ ഒന്നും തോന്നാറില്ലയെന്നും ചെറു ചിരിയോടെ സൗമ്യ പറഞ്ഞു നിര്‍ത്തി.
ഏതു സാഹചര്യങ്ങളെയും പുഞ്ചിരി കൊണ്ടു നേരിടാനുള്ള കരുത്താണ് തങ്ങളുടെ കൈമുതലെന്ന് സൗമ്യയെപ്പൊലുള്ളവര്‍ പറയാതെ പറയുന്നു.സൗമ്യയും സഹപ്രവര്‍ത്തകരും ക്വാറന്റീനില്‍ പ്രവേശിക്കുമ്പോള്‍ 168 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഏഴോളം പേര്‍ പോസിറ്റീവ് കേസുകള്‍. രോഗത്തെ ജയിച്ച് തിരികെ മടങ്ങുമ്പോള്‍ കണ്ണു നിറച്ചു നല്‍കുന്ന യാത്ര പറച്ചിലില്‍ നിറയുന്ന നന്ദിയും സ്‌നേഹവുമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ഊര്‍ജ്ജം. ആശുപത്രിക്ക് സമീപമുള്ള റെയിന്‍ബൊ സ്യൂട്ടിലാണ് സൗമ്യയടക്കമുള്ള 25 ഓളം നെഴ്‌സുമാര്‍ ക്വാറന്റീനില്‍ കഴിയുന്നത്. വായിക്കാന്‍ ഒരു പിടി പുസ്തകങ്ങള്‍ കൈയിലുണ്ട്. ഒപ്പം അനുഭവങ്ങള്‍ ഓരോന്നും കുറിച്ചുവെച്ച് ഏപ്രില്‍ 20ന് തിരികെ ഡ്യൂട്ടിയില്‍ പ്രവേശിക്കുവാനുള്ള ഊര്‍ജ്ജം കരുതി വയ്ക്കുകയാണ് ഈ മാലാഖമാര്‍.