നഴ്‌സാവാന്‍ യു.എ.ഇ.യില്‍ ബിരുദം നിര്‍ബന്ധം: തൊഴില്‍ നഷ്ടമായത് ഇരുനൂറിലേറെ പേര്‍ക്ക്

0 314

 

 

ഷാര്‍ജ: ഡിപ്ലോമ മാത്രമുള്ള നഴ്‌സുമാര്‍ക്ക് നഴ്‌സിങ് ബിരുദം യു.എ.ഇ.യില്‍ നിര്‍ബന്ധമാക്കിയതോടെ ജോലി നഷ്ടമായ ഭൂരിഭാഗം ഇന്ത്യന്‍ നഴ്‌സുമാരുടെയും അവസ്ഥ പരിതാപകരമായി.

രജിസ്‌ട്രേഡ് നഴ്‌സുമാരുടെ ചുരുങ്ങിയ യോഗ്യത ബാച്ചിലേഴ്‌സ് ബിരുദമാക്കിയതാണ് വിനയായത്. യു.എ.ഇ.യിലെ വടക്കന്‍ എമിറേറ്റിലുള്ള ഒരു പ്രധാന ആശുപത്രിയില്‍നിന്നാണ് 200-ലേറെ നഴ്‌സുമാര്‍ക്ക് ബി.എസ്‌സി. ബിരുദമില്ലാത്തതിനാല്‍ ജോലി നഷ്ടമായത്. ജോലിനഷ്ടപ്പെട്ടവര്‍ ഭൂരിഭാഗം പേരും മലയാളികളാണ്. തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള 10 വര്‍ഷത്തിലധികമായി യു.എ.ഇ.യില്‍ ജോലി ചെയ്യുന്നവരെയാണ് നിയമം വരിഞ്ഞുമുറുക്കിയത്.

ഇന്ത്യയില്‍നിന്നുള്ള നഴ്‌സുമാരെ, പ്രത്യേകിച്ച്‌ മലയാളികളെ നിയമം പ്രതികൂലമായി ബാധിക്കുമ്ബോള്‍ യു.എ.ഇ.യില്‍ ജോലിചെയ്യുന്ന മറ്റുരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നില്ല. അവര്‍ കൂടുതലും യു.എ.ഇ.യില്‍ത്തന്നെ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയവരാണ്. ബാക്കിയുള്ളവര്‍ക്ക് അതത് രാജ്യങ്ങളില്‍നിന്നുള്ള ഡിപ്ലോമ ബിരുദത്തിന് തുല്യമാണെന്നതും നിയമം അനുകൂലമാകാന്‍ കാരണമാണ്. മറ്റ് എമിറേറ്റുകളില്‍നിന്നുള്ള പുരുഷ നഴ്‌സുമാരടക്കമുള്ളവര്‍ക്ക് ബിരുദം ഇല്ലാത്തതിനാല്‍ ബാച്ചിലേഴ്‌സ് ബിരുദം (ബ്രിഡ്ജ് കോഴ്‌സ്) നേടിയെടുക്കാനായി സമയപരിധി നിശ്ചയിക്കുകയും അതുവരെ നിലവില്‍ നിര്‍വഹിക്കുന്ന തസ്തികകളില്‍നിന്ന് തരംതാഴ്ത്തുകയും ചെയ്തിട്ടുണ്ട്.

ജോലി നഷ്ടമായ നഴ്‌സുമാരില്‍പലരും സ്പോണ്‍സര്‍മാരായി കുടുംബത്തോടൊപ്പം യു.എ.ഇ.യില്‍ കഴിയുന്നവരാണെന്നത്. ഇവരുടെ മക്കളുടെ വിദ്യാഭ്യാസമടക്കം പ്രതിസന്ധിയിലാവും. ഇത്തരത്തില്‍ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന ഒട്ടേറെ നഴ്‌സുമാര്‍ ചൊവ്വാഴ്ച അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലെത്തി അധികൃതരുടെ സഹായംതേടി. കേരള സര്‍ക്കാരിന് കീഴിലുള്ള നോര്‍ക്കയുടെ പ്രതിനിധി അഡ്വ. ഫെമിന്‍ പണിക്കശ്ശേരി, സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജാസിം മുഹമ്മദ് എന്നിവര്‍ നഴ്‌സുമാര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനംചെയ്തു.

Get real time updates directly on you device, subscribe now.