കൊല്ലം: 105ാം വയസ്സില്‍ നാലാം ക്ലാസ് പാസായ കൊല്ലത്തെ ഭഗീരഥിയമ്മക്ക് പ്രധാനമന്ത്രിയുടെ അനുമോദനം. മന് കീ ബാത്തിെന്റ 62ാം എപ്പിസോഡാണ് ഭഗീരഥിയമ്മയുടെ വിദ്യാഭ്യാസ താല്പര്യത്തെ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി അനുമോദിച്ചത്. ഭഗീരഥിയമ്മയെക്കുറിച്ച് പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: ”കുട്ടിക്കാലത്ത് അമ്മയെ നഷ്ടപ്പെട്ടു. ചെറുപ്രായത്തില്‍തന്നെ വിവാഹം കഴിച്ചശേഷം ഭര്‍ത്താവിനേയും നഷ്ടപ്പെട്ടു.
എന്നാല്‍ ഭഗീരഥിയമ്മ സ്വന്തം ഉത്സാഹം കൈവിട്ടില്ല. പത്തുവയസ്സില്‍ സ്കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോള്‍ 105ാം വയസ്സില്‍ സ്കൂളില്‍ ചേര്‍ന്നു, പഠിച്ചു. ഈ പ്രായത്തില്‍ നാലാം ക്ലാസ് തുല്യത പരീക്ഷയെഴുതി. ഫലത്തിനായി അക്ഷമയോടെ കാത്തിരുന്നു. 75 ശതമാനം മാര്‍ക്കോടെ പരീക്ഷ പാസായി. അതുമാത്രമല്ല, കണക്കിന് നൂറ് ശതമാനം മാര്‍ക്കും നേടി. ഭഗീരഥിയമ്മയെപ്പോലുള്ളവര് ഈ നാടിെന്റ ശക്തിയാണ്.
ഒരുവലിയ പ്രേരണ ശ്രോതസ്സാണ്. ഭഗീരഥിയമ്മയെ ഞാന്‍ വിശേഷാല്‍ പ്രണമിക്കുന്നു”. പ്രതികൂല സാഹചര്യങ്ങളില്‍ നമ്മുടെ ഉത്സാഹവും ഇച്ഛാശക്തിയും ഏതൊരു പരിതസ്ഥിതിയേയും മാറ്റിമറിക്കാന്‍ പര്യാപ്തമാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
കഴിഞ്ഞ നവംബറിലാണ് ഭഗീരഥിയമ്മ സംസ്ഥാന സാക്ഷരത മിഷന് സംഘടിപ്പിച്ച നാലാം ക്ലാസ് തുല്യത പരീക്ഷ എഴുതി പാസായത്. വീട്ടിലെ പ്രയാസങ്ങള്‍ നിമിത്തം ഭഗീരഥിയമ്മ ഒമ്ബതാം വയസ്സില്‍ പഠനം ഉപേക്ഷിച്ചിരുന്നു. വിവാഹിതയായി മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെയായെങ്കിലും പഠിക്കാനുള്ള ആഗ്രഹം അപ്പോഴും ഭഗീരഥിയമ്മ ഉപേക്ഷിച്ചിരുന്നില്ല. ഇക്കാര്യം മക്കളെ അറിയിച്ചതോടെയാണ് സക്ഷരതാ മിഷെന്റ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കിയത്.