കാലത്തിനൊത്ത് ജനങ്ങളിലേക്കിറങ്ങി തപാല്‍ വകുപ്പ് ഒക്ടോബര്‍ 10 ലോക തപാല്‍ ബാങ്കിംഗ് ദിനം. 

0 111

കാലത്തിനൊത്ത് ജനങ്ങളിലേക്കിറങ്ങി തപാല്‍ വകുപ്പ് ഒക്ടോബര്‍ 10 ലോക തപാല്‍ ബാങ്കിംഗ് ദിനം. 

ഒരു കാലത്ത് കത്തിടപാടുകളും ടെലഗ്രാമും പാഴ്‌സലുകളും മണിഓര്‍ഡറുകളും  സേവിംഗ്‌സ് ഇടപാടുകളുമായി  നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന  ഇന്ത്യന്‍ തപാല്‍ വകുപ്പ് കാലോചിതമായി  മാറുകയാണ്. ഇന്‍ലന്റുകളും കവറുകളും  സാധാരണ കത്തിടപാടുകളും ഇ മെയിലുകള്‍ക്കും എസ് എം എസ്  ചാറ്റുകള്‍ക്കും വഴിമാറിയതോടെ  പ്രതാപം നഷ്ടമായ തപാല്‍ വകുപ്പ് പ്രവര്‍ത്തന രൂപ ഭാവഭാവങ്ങളില്‍ കാതലായ മാറ്റം വരുത്തി ആധുനീകരണത്തിന്റെ പാതയിലാണ്. സ്പീഡ് പോസ്റ്റും കത്തിടപാടുകളും  രജിസ്റ്റേഡ് പാര്‍സല്‍  സംവിധാനവും തുടരുന്നതിനൊപ്പം പണമിടപാടുകളിലും സജീവമാവുകയാണ് തപാല്‍ വകുപ്പ്.
ലോക്ഡൗണ്‍ കാലത്ത് ദേശസാല്‍കൃത ബാങ്കുകള്‍ വഴി സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വാങ്ങിയിരുന്ന ഉപഭോക്താക്കള്‍ ആശ്രയിച്ചത് തപാല്‍ വകുപ്പിനെയായിരുന്നു. ബാങ്കിംഗ് മേഖലയിലെ നൂതന  സാങ്കേതിക വിദ്യകളിലേക്ക് കടക്കുകയാണ് വകുപ്പ്. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെ പണം പോസ്റ്റ്മാന്‍മാര്‍  വീടുകളില്‍ ചെന്ന്  പിന്‍വലിച്ചു നല്‍കി.  ആധാര്‍ ലിങ്ക് ചെയ്ത ഏത് അക്കൗണ്ടിലെയും പണം പോസ്റ്റ്മാന്‍ മാര്‍ വീട്ടിലെത്തി പിന്‍വലിച്ചു കൊടുക്കുന്നതിനൊപ്പം  ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ആധാര്‍ ഇനാബില്‍ഡ് പേയ്‌മെന്റ് സിസ്റ്റം വഴിയാണ് ഇതു ചെയ്യുന്നത്.
തപാല്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കൊപ്പം ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകളും സംയോജിപ്പിച്ചുകൊണ്ട് നെഫ്റ്റ്, ഐ.എം.പി.എസ്  കോര്‍ ബാങ്കിംഗ് തുടങ്ങിയ സംവിധാനങ്ങളോട്  കൂടിയ സേവനങ്ങള്‍ ഇനി തപാല്‍ വകുപ്പ് വഴി ലഭ്യമാകും. തപാല്‍ സേവിങ്സ് ബാങ്ക് ഇടപാടുക്കാര്‍ക്ക് സൗജന്യമായി നല്‍കുന്ന ചിപ്പ് ഘടിപ്പിച്ച എ.ടി.എം. കാര്‍ഡ് ഇന്ത്യയിലെ എല്ലാ ബാങ്കുകളുടെയും എ.ടി.എം. മെഷീനുകളില്‍ ഉപയോഗിക്കാം. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് നല്‍കുന്ന ക്യൂ.ആര്‍. കാര്‍ഡ് വഴി ക്യാഷ് ലെസ് ഇടപാടുകള്‍ നടത്താം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ സബ്‌സിഡികള്‍ക്കും സ്‌ക്കോളര്‍ഷിപ്പുകള്‍ക്കും ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ഉപയോഗിക്കാം. വീടുകളിലെത്തി പണം പിന്‍വലിക്കുന്നത് പോലെ തന്നെ പോസ്റ്റ്മാന്മാര്‍ക്ക് വീട്ടിലെത്തി  ആധാര്‍കാര്‍ഡും മൊബൈല്‍ ഫോണും ഉപയോഗിച്ച് അക്കൗണ്ട് തുറക്കാന്‍ കഴിയുന്നു എന്നതും ഇതിന്റെ സവിശേഷതയാണ്.
കോവിഡിനിടെ ജനങ്ങള്‍ക്കാവശ്യമായ വിവിധ സേവനങ്ങള്‍ തപാല്‍ വകുപ്പ് തുടരുകയാണ്. റെയില്‍, വ്യോമ ഗതാഗതങ്ങള്‍ നിലച്ച ലോക്ഡൗണ്‍ സാഹചര്യത്തിലടക്കം പ്രത്യേക വാഹന സൗകര്യങ്ങളും ജീവനക്കാരെയും ഉപയോഗിച്ച് അവശ്യ മരുന്നുകള്‍ ഉള്‍പ്പെടെ യഥാസമയം എത്തിച്ചു കൊടുക്കാന്‍ തപാല്‍  വകുപ്പിന് സാധിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്തും മൂന്ന് മേഖലകളാക്കി തിരിച്ച്  പ്രത്യേക ടീം സജ്ജമാക്കി പെന്‍ഷന്‍, മണിയോര്‍ഡറുകള്‍ യഥാസമയം  വിതരണം ചെയ്ത് സംസ്ഥാനത്തലത്തില്‍ കണ്ണൂര്‍ ഡിവിഷന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു .
വീണ്ടുമൊരു തപാല്‍ ദിനം വരുമ്പോള്‍ കത്തിടപാടുകള്‍ക്ക് പുറമെ ബാങ്കിംഗ് ഇന്‍ഷുറന്‍സ് രംഗത്ത് പുതിയ നേട്ടങ്ങള്‍ കൈവരിച്ചും, ആധാര്‍ സേവന കേന്ദ്രമായും  റയില്‍ വേ ടിക്കറ്റ്, റീചാര്‍ജുകള്‍ തുടങ്ങി  വിവിധ സേവനങ്ങള്‍ ഒരേ കുടക്കീഴില്‍ നല്‍കുന്ന കോമണ്‍ സര്‍വിസ് സെന്ററുകളായുമൊക്കെ  പ്രവര്‍ത്തിച്ചുകൊണ്ട് കാലത്തിനൊത്ത മാറ്റങ്ങളുമായി ജനങ്ങളുടെ മികച്ച സേവന ദാതാവായി  മാറുകയാണ് തപാല്‍ വകുപ്പ്.