കർണാടകക്ക് പിറകേ ഗുജറാത്തിലും ഒമിക്രോൺ കണ്ടെത്തി

0 796

കർണാടകക്ക് പിറകേ ഗുജറാത്തിൽ ഒമിക്രോൺ ബാധ കണ്ടെത്തി. ആഫ്രിക്കയിൽ നിന്ന് എത്തിയ ആൾക്കാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ 72 കാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഇദ്ദേഹം സിംബാബ്‌വെയിൽ നിന്ന് എത്തിയതാണ്. പൂനെ ലാബിലേക്ക് സാംപിൾ പരിശോധിക്കാൻ അയച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം മൂന്നായി. നേരത്തെ കർണാടകയിൽ വിദേശിയടക്കം രണ്ടു പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. അതിനിടെ കോവിഡ് വ്യാപനം തടയണമെന്ന് ആവശ്യപ്പെട്ട് കേരളം അടക്കം നാലു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തെഴുതി. കേരളം, തമിഴ്‌നാട്, ജമ്മുകശ്മീർ, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കത്തെഴുതിയത്.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കർണാടകയിൽ രണ്ടുപേർക്ക് റിപ്പോർട്ട് ചെയ്തത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വാർത്താസമ്മേളനം വിളിച്ച് അറിയിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക സന്ദർശിച്ച രണ്ട് കർണാടക സ്വദേശികൾക്കാണ് കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. 66ഉം 46ഉം വയസ് പ്രായമുള്ളവരാണ് ഇവർ. രണ്ടുപേരുടെയും നില ഗുരുതരമല്ല. ഇവരുടെ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലേക്കു മാറ്റിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രണ്ടുപേരിലൊരാളായ വിദേശി മുങ്ങിയതിലും ആഫ്രിക്കയിൽ നിന്നെത്തിയ പത്തു യാത്രികരെ കാണാതായതിലും കർണാടക അന്വേഷണം നടത്തുകയാണ്. രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച 66കാരനായ ദക്ഷിണാഫ്രിക്കൻ പൗരൻ പ്രൈവറ്റ് ലാബിൽനിന്ന് ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ദുബായിലേക്ക് പോയിരുന്നു. കൂടാതെ ആഫ്രിക്കയിൽ നിന്നെത്തിയ പത്തു യാത്രികർ കോവിഡ് ടെസ്റ്റ് ചെയ്യാതെ എയർപോർട്ടിൽ നിന്ന് മുങ്ങുകയും ചെയ്തിരുന്നു. ഈ രണ്ടു സംഭവങ്ങളിലും അന്വേഷണം നടത്തുമെന്നാണ് കർണാടക റവന്യൂ മന്ത്രി ആർ അശോക അറിയിച്ചിരിക്കുന്നത്. ദുബായിലേക്ക് കടന്ന വിദേശിക്ക് ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.