ഒറ്റത്തവണ പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ ഭാഗമായി തലശേരി, പാനൂർ, കുത്തുപറമ്പ് നഗരസഭകളിൽ വ്യാപാരികളുടെ പിന്തുണയോടെ ബദൽ ഉൽപന്നങ്ങൾ പ്രചരിപ്പിക്കാൻ വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കും.
തലശ്ശേരി സബ് കലക്ടർ അനുകുമാരി വിളിച്ചു ചേർത്ത വ്യാപാരികളുടെയും നഗരസഭാ തല ഉദ്യോഗസ്ഥന്മാരുടെയും യോഗത്തിലാണ് തീരുമാനം. ബദൽ ഉൽപന്ന പ്രദർശനം മൂന്ന് നഗരസഭകളിലും സംഘടിപ്പിക്കും. കല്യാണം, ആഘോഷങ്ങൾ തുടങ്ങിയ വിവിധ ചടങ്ങുകൾ ഹരിത പെരുമാറ്റ ചട്ടപ്രകാരമാണ് നടത്തുന്നതെന്ന് ഉറപ്പു വരുത്തും. ചട്ടലംഘനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ച ആന്റി പ്ലാസ്റ്റിക്ക് വിജിലൻസ് ടീമുകളുടെ പ്രവർത്തനം മാർച്ച് മുതൽ ശക്തിപ്പെടുത്തണമെന്ന് സബ് കലക്ടർ നിർദ്ദേശിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഹരിത പെരുമാറ്റ ചട്ടം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും സ്ഥാപനങ്ങൾക്ക് ഹരിത ഗ്രേഡിംഗ് നടത്തി സാക്ഷ്യപത്രം നൽകാനും യോഗത്തിൽ തീരുമാനമായി.
ടൗണുകളും പൊതു സ്ഥലങ്ങളും പൊതുജന -വ്യാപാരി സമൂഹത്തിന്റെ പിന്തുണയോടെ ശുചീകരിക്കാനും യോഗം തീരുമാനിച്ചു. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിച്ച് ഹരിത വ്യാപാര സ്ഥാപനമായി മാറുന്ന കടകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ആദരവ് നൽകാൻ തദ്ദേശ സ്ഥാപനങ്ങളോട് യോഗം അഭ്യർത്ഥിച്ചു.
യോഗത്തിൽ ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, തലശേരി നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പ്രമോദ്, കൂത്തുപറമ്പ് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ബാബു എന്നിവരും പങ്കെടുത്തു.