വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ തൊഴിലധിഷ്ഠിത കോഴ്സുകളുമായി അസാപ്

0 2,391

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ തൊഴിലധിഷ്ഠിത കോഴ്സുകളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം ( അസാപ് ).  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നടങ്കം അടച്ചിട്ട സാഹചര്യത്തിലാണ് ലോക് ഡൗണ്‍ കാലാവധി സൃഷ്ടിപരമായി വിനിയോഗിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പര്യാപ്തരാക്കുന്നതിനും തൊഴില്‍ മേഖലകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി തങ്ങളുടെ അഭിരുചിക്കിണങ്ങിയ നവയുഗ സാങ്കേതിക വിദ്യകളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.  ഹ്രസ്വകാല പരിശീലന കോഴ്സുകളില്‍ ഓണ്‍ലൈനായി  വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
സയന്‍സ്, കോമേഴ്‌സ്, ആര്‍ട്സ്, എഞ്ചിനീയറിംഗ് തുടങ്ങി 7 വിഭാഗങ്ങളായിത്തിരിച്ച് ഓരോ വിഭാഗത്തിനും ലളിതമായി സ്വായത്തമാക്കാവുന്ന വിവിധ ഹ്രസ്വകാല കോഴ്സുകളാണ് അസാപ് ലഭ്യമാക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 11 മുതല്‍ 12 വരെയും വൈകിട്ട് നാല് മുതല്‍ അഞ്ച് വരെയുമാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
കൂടാതെ  ബിരുദ – ബിരുദാനന്തരധാരികളായവര്‍ക്ക് അനുയോജ്യമായതും വ്യവസായലോകത്ത് തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നതുമായ വിവിധ സാധ്യതകള്‍ സംബന്ധിച്ച് അതാത് മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ അസാപിന്റെ ഓണ്‍ലൈന്‍ വെബിനാര്‍ പ്ലാറ്റ്ഫോമിലൂടെ ഉദ്യോഗാര്‍ത്ഥികളുമായി സംവദിക്കുന്നു. എല്ലാദിവസവും രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 4 മണിക്കുമാണ്  വിവിധ വിഷയങ്ങളില്‍ വെബിനാര്‍ സംഘടിപ്പിക്കുക. മാര്‍ച്ച് 31ന്  ആരംഭിച്ച വെബിനാര്‍ പരമ്പരയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. വിശദവിവരങ്ങള്‍ക്ക് www.asapkerala.gov.in  or   http://skillparkkerala.in/news_and_events/webinars/  എന്നീ വെബ് ബ്സൈറ്റുകള്‍  സന്ദര്‍ശിക്കുകയോ 9495999724 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Get real time updates directly on you device, subscribe now.