തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കേന്ദ്രത്തിന്റെ ഇടപെടല്‍ കൂടി ഇതിന് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഓണ്‍ലൈനായി മരുന്നു വ്യാപാരം നടത്തിവന്ന മെഡ്ലൈഫ് ഇന്റര്‍നാഷണല്‍ കമ്ബനിയുടെ മരുന്നു വ്യാപാര ലൈസന്‍സ് സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് 2019ല്‍ എന്നന്നേക്കുമായി റദ്ദു ചെയ്ത് ഉത്തരവായിട്ടുണ്ട്. ഇത് വീണ്ടും പ്രചരിക്കുന്നുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്ന് അന്വേഷിച്ച് നടപടിയെടുക്കുന്നതാണ്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ അനിയന്ത്രിതമായി അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കുന്നത് അത്യന്തം ആപത്കരമാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓണ്‍ലൈനില്‍ നിയമവിരുദ്ധമായി മരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് 1940, ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് റൂള്‍സ് 1945 എന്നീ നിയമങ്ങള്‍ പ്രകാരം മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന അനുവദിച്ചിട്ടില്ല. വ്യാപകമായ ഓണ്‍ലൈന്‍ മരുന്നുവ്യാപാരം നടന്നുവരുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ഓണ്‍ലൈന്‍ മരുന്നു വ്യാപാരം സംബന്ധിച്ച് ഊര്‍ജിതമായി അന്വേഷണം നടത്തുകയുണ്ടായി. ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ എല്ലാം അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് പ്രവര്‍ത്തനം നടത്തുന്നതെന്നും ഇവയില്‍ മിക്കവയും ഡോക്ടറുടെ യഥാര്‍ത്ഥ കുറിപ്പടിയില്ലാതെയാണ് മരുന്നു വില്‍പ്പന നടത്തുന്നതെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അതാത് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍മാക്ക് നടപടികള്‍ക്കായി അറിയിപ്പ് നല്കി.