ഓപ്പറേഷന്‍ സാഗര്‍റാണി; ജില്ലയില്‍ പരിശോധന ശക്തം
ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഫിഷറീസ് വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലയിലെ പരിശോധന തുടരുന്നു. മത്സ്യമാര്‍ക്കറ്റുകളും മത്സ്യ വാഹനങ്ങളും കേന്ദ്രീകരിച്ച് ഏപ്രില്‍ നാല് മുതലാണ് പരിശോധന ആരംഭിച്ചത്. ജില്ലയുടെ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 2204 കിലോ കേടായതും ഫോര്‍മാലിന്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ അതിര്‍ത്തികളില്‍ എത്തുന്ന മത്സ്യ വാഹനങ്ങളില്‍ രാത്രികാല പരിശോധനയും നടത്തുന്നുണ്ട്. ആയിക്കര മാര്‍ക്കറ്റ്, തലശ്ശേരി, അഴീക്കല്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പഴകിയ മത്സ്യത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ താലൂക്ക് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളുമായി സഹകരിച്ചുകൊണ്ട് ഉളിക്കല്‍, ഇരിട്ടി പ്രദേശങ്ങളിലും പരിശോധന നടത്തി. ഉളിക്കലില്‍ നിന്നും ഉപയോഗയോഗ്യമല്ലാത്ത 11 കിലോ ചൂര മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി കെ ഗൗരീഷ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ യു ജിതിന്‍, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാര്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ സുരേഷ് ബാബു, മുഹമ്മദ് ഇസാക്ക്, സുരേഷ് കുമാര്‍, ബിന്ദുരാജ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സ്‌ക്വാഡ്.