ലോഗോ, പോസ്റ്റര്‍, വീഡിയോ തയ്യാറാക്കാന്‍ അവസരം

0 115

ലോഗോ, പോസ്റ്റര്‍, വീഡിയോ തയ്യാറാക്കാന്‍ അവസരം

ജില്ലയില്‍ കൊവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിനു തടയിടാനുള്ള ശക്തമായ ബോധവല്‍ക്കരണ- നിയമ നടപടികളുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്‍മാരാക്കുന്നതിന്റെ ഭാഗമായി നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്റ്റ് ചാലഞ്ച് ക്യാംപയിനുകള്‍ സംഘടിപ്പിക്കാനും ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഡിഎംഎ യോഗം തീരുമാനിച്ചു.
സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, പൊതു ഇടങ്ങള്‍ തുടങ്ങി മുഴുവന്‍ സ്ഥലങ്ങളിലും ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിച്ചു മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് പ്രഖ്യാപിക്കുന്നതാണ് നോ മാസ്‌ക് നോ എന്‍ട്രി ക്യാംപയിന്‍. പൊതു ചടങ്ങുകള്‍ ഉള്‍പ്പെടെ ഒരു വ്യക്തി ഇടപെടുന്ന മുഴുവന്‍ ജീവിത സാഹചര്യങ്ങളിലും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന് സ്വയം ഉറപ്പുവരുത്തുകയാണ് സീറോ കോണ്‍ടാക്ട് ചാലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.
കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനും ഡിഡിഎംഎ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍, പൊതു ചടങ്ങുകള്‍ തുടങ്ങിയ ഇടങ്ങളിലുണ്ടാകുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പോലിസിനു പുറമെ, പ്രത്യേക ഇന്‍സിഡന്റ് കമാന്റര്‍മാരെ നിയമിക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനത്തിന്റെ വൈദ്യുതി ബന്ധം താല്‍ക്കാലികമായി വിച്ഛേദിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
നോ മാസ്‌ക് നോ എന്‍ട്രി ക്യാംപയിന്റെ ഭാഗമായി വാഹനങ്ങള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി മുഴുവന്‍ പൊതു ഇടങ്ങളിലും ബോധവല്‍ക്കരണ പോസ്റ്റര്‍ പതിക്കും. യാത്രക്കാര്‍, ഉപഭോക്താക്കള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.
സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്ക് ധാരണം, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയവ കൃത്യമായി പാലിക്കുന്നതിലൂടെ സമ്പര്‍ക്കം മൂലമുള്ള രോഗവ്യാപനത്തെ പൂര്‍ണമായും തടയുക എന്നതാണ് സീറോ കോണ്‍ടാക്റ്റ് ചാലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. ഇത് സ്വന്തമായി പാലിക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ ഓരോരുത്തരും മുന്നോട്ടുവരണം. പൊതുചടങ്ങുകളിലും ആളുകള്‍ കൂടുന്ന സ്ഥലത്തും ഇതിനനുസരിച്ചുവേണം സംവിധാനമൊരുക്കാന്‍. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേയും നടപടികള്‍ സ്വീകരിക്കും.
ക്യാംപയിനുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചാരണം നല്‍കുന്നതിന്റെ ഭാഗമായി ഈ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ലോഗോ, പോസ്റ്റര്‍, ഹ്രസ്വ വീഡിയോ എന്നിവ തയ്യാറാക്കി നല്‍കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ലോഗോയും പോസ്റ്ററും ഒക്ടോബര്‍ അഞ്ചിനകവും വീഡിയോ പത്തിനകവും cotnrolroomkannur@gmail.com ലേക്ക് അയക്കണം. മികച്ച എന്‍ട്രികള്‍ക്ക് പാരിതോഷികം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ ക്യാംപയിന്‍ പ്രചാരണത്തിനായി ഉപയോഗിക്കും.
ഓണ്‍ലൈനായി നടന്ന ഡിഡിഎംഎ യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സബ് കലക്ടര്‍മാരായ എസ് ഇലാക്യ, അനു കുമാരി, ഡിഎംഒ ഡോ. കെ നാരായണ നായിക്, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.